ന്യൂഡൽഹി: 27 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേൽക്കുന്ന ചടങ്ങ് വൻ ആഘോഷമാക്കാൻ ബി.ജെ.പി. 19നോ 20നോ സർക്കാർ സ്ഥാനമേൽക്കാനാണ് സാദ്ധ്യത. പാർട്ടി നിയോഗിക്കുന്ന നിരീക്ഷകർ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി പട്ടിക തയ്യാറാക്കും. വിദേശ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പേര് ദേശീയ നേതൃത്വം അന്തിമമാക്കും. 18നോ 19നോ നടക്കുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിൽ പേര് പ്രഖ്യാപിച്ചേക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും .ക്യാബിനറ്റ് മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളും വിജയിച്ച 48 ബി.ജെ.പി സ്ഥാനാർത്ഥികളും പങ്കെടുക്കും. സത്യപ്രതിജ്ഞയ്‌ക്ക് തലേദിവസമായിരിക്കും പാർട്ടി നിയമസഭാ കക്ഷി യോഗം. ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തറപറ്റിച്ച പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമപരിഗണനയിൽ. വിജേന്ദർ ഗുപ്‌ത, രേഖ ഗുപ്‌ത, അജയ് മഹാവർ, പവൻ ശർമ്മ, സതീഷ് ഉപാദ്ധ്യായ, മൻജീന്ദർ സിംഗ് സിർസ, അരവിന്ദർ സിംഗ് ലവ്‌ലി, രാജ്കുമാർ ചൗഹാൻ, ശിഖാ റായ് എന്നിവരുടെ പേരുകളും സജീവമാണ്. ഒൻപതംഗ മന്ത്രിസഭ വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
' എക്‌സി"നെ
ചൊല്ലി തർക്കം
ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് കേജ്‌രിവാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഔദ്യോഗിക എക്‌സ് അക്കൗണ്ട്, കേജ്‌രിവാൾ അറ്റ് വർക്ക് എന്ന പേരിലേക്ക് ആദ്യം മാറ്റി. എന്നാലിപ്പോൾ കാണുന്നത് കേജ്‌രിവാളിന്റെ ചിത്രമുള്ള പാരഡി അക്കൗണ്ടും. ഇതു ഡിജിറ്റൽ കൊള്ളയാണെന്നും, കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവയും, ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്‌ക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |