കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് പിറകെ സംസ്ഥാനത്ത് ബി.ജെ.പി ന്യൂനപക്ഷ വിഭാഗങ്ങളോട് കൂടുതൽ അടുപ്പം കാണിക്കുന്നതിനെതിരെ സംഘപരിവാറിൽ അമർഷം. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സി.പി.എം തെറ്റുതിരുത്തലിലേക്ക് നീങ്ങുമ്പോൾ ബി.ജെ.പി അനുകൂലസാഹചര്യം നശിപ്പിക്കുകയാണെന്നാണ് ആർ.എസ്.എസ് നേതാക്കളുടെ പൊതുവികാരം. ശബരിമല വിഷയം കേരള രാഷ്ട്രീയത്തെ പാടെ മാറ്റി മറിച്ചെന്നും സംഘപരിവാറിന്റെ അജൻഡയിലേക്ക് പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം എത്തിയെന്നുമുള്ള വിലയിരുത്തലായിരുന്നു ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ട് നടന്ന മഹാനഗർ സാംഘിക്കിന്റെ വിലയിരുത്തൽ.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് ഭരിക്കാനല്ല, മറിച്ച് ഭൂരിപക്ഷത്തെ ഒപ്പം ചേർത്ത് വളരാനാണ് കേരളത്തിൽ ബി.ജെ.പി ശ്രമിക്കേണ്ടതെന്ന് മോഹൻ ഭാഗവത് പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനോട് നിർദ്ദേശിച്ചതായാണ് വിവരം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനപിന്തുണയില്ലാത്ത നേതാക്കളെ പാർട്ടിയിൽ എത്തിച്ചതുകൊണ്ട് ഗുണമല്ല, ദോഷമേയുണ്ടാകൂവെന്ന നിലപാടാണ് ആർ.എസ്.എസിന്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തിട്ടും കോൺഗ്രസ് കേരളത്തിൽ കാര്യമായ പ്രതിഷേധത്തിന് ഇറങ്ങാതിരുന്നത് പൊതുതിരഞ്ഞെടുപ്പിൽ ലഭിച്ച ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണെന്ന് ആർ.എസ്.എസ് നേതൃത്വം കരുതുന്നു.
എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് തുടങ്ങിയ ഭൂരിപക്ഷ സമുദായ സംഘടനകളുടെ വിശ്വാസ്യത പൂർണമായും ഉറപ്പാക്കേണ്ടതുണ്ട്. എസ്.എൻ.ഡി.പി യോഗത്തോട് അടുക്കാനുള്ള സി.പി.എം നീക്കത്തെ ഗൗരവമായി കാണണം. ശബരിമല വിഷയത്തിൽ അന്തിമവിജയം നേടുന്നതുവരെ വിശ്രമിക്കരുതെന്നും മോഹൻ ഭാഗവത് ബി.ജെ.പി നേതൃത്വത്തെ ഓർമ്മിപ്പിക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |