വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ ആവേശം അവസാന പന്ത് വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ 2 വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 19.1 ഓവറിൽ164 റൺസിന് ഓൾഔട്ടായി.മറുപടിക്കിറങ്ങിയ ഡൽഹിക്ക് മലയാളി താരം സജന എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമായിരുന്നു. ആ പന്തിൽ അരുദ്ധതി റെഡ്ഡി (പുറത്താകാതെ 2) നേടിയ ഡബിളിന്റെ പിൻബലത്തിൽ ഡൽഹി ജയമുറപ്പിച്ചു (165/ 8). രാധാ യാദവായിരുന്നു (പുറത്താകാതെ 9) ഒപ്പമുണ്ടായിരുന്നത്. അവസാന ഓവറിൽ 10 റൺസ് അടിച്ചെടുത്താണ് ഡൽഹിയുടെ ജയം. ഇന്ത്യയ്ക്ക് അണ്ടർ 19 വനിതാ ട്വന്റി-20 ലോക കിരീടം സമ്മാനിച്ച ക്യാപ്ടൻ നിക്കി പ്രസാദിന്റെ (33 പന്തിൽ 35) ഇന്നിംഗ്സാണ് ഡൽഹിയെ വിജയവഴിയിൽ എത്തിച്ചത്. 18 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 43 റൺസെടുത്ത ഓപ്പണർ ഷെഫാലി വെർമ്മയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
നേരത്തേ 59 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന നാറ്റ് സ്കൈവർ ബ്രന്റാണ് മുംബയ്യെ നല്ല സ്കോറിൽ എത്തിച്ചത്. ക്യാപ്ടൻ ഹർമ്മൻപ്രീത് കൗർ 22 പന്തിൽ 42 റൺസുമായി തിളങ്ങി. എന്നാൽ മറ്റ് മുംബയ് ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. മലയാളി താരം സജന സജീവന് ഒരു റൺസേ നേടാനായുള്ളൂ. 10.4 ഓവറിൽ 105/2 എന്ന നിലയിലായിരുന്ന മുംബയ്യുടെ റണ്ണൊഴുക്ക് ഹർമ്മൻപ്രീത് പുറത്തായതോടെ സാവധാനത്തിലായി. ഡൽഹിക്കായി അന്നാബെൽ സതർലാൻഡ് മൂന്നും ശിഖാ പാണ്ടേ രണ്ടും മലയാളി താരം മിന്നു മണിയും ആലീസ് കാപ്സിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അമേലിയ കെറിനെ (9) റണ്ണൗട്ടാക്കി പുറത്താക്കിയതും മിന്നുവായിരുന്നു.
ഇന്ന്
ഗുജറാത്ത് -യു.പി
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |