തിരൂർ: രാജ്യത്ത് നിരോധിച്ച സിഗരറ്റു വിൽപ്പനയുടെ കേന്ദ്രമായി തിരൂർ മാറുന്നു. ജില്ലയിൽ മൊത്തവിതരണത്തിനായി എത്തിച്ച 15 കോടിയോളം രൂപ വരുന്ന വിദേശ സിഗരറ്റ് തിരൂരിലെ ഒരു ഗോഡൗണിൽ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. യു.എസ്, കൊറിയ, സ്വിറ്റസർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാതിപ്പിക്കുന്ന സിഗരറ്റ് തിരൂരിൽ എത്തിച്ച് ഇവിടെ നിന്നും ജില്ലയുടെ പല ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നും കണ്ടയ്നറിൽ കടൽ മാർഗം കൊച്ചിയിൽ എത്തിയ ലോഡ് ഒരു വലിയ ട്രെയിലർ ലോറിയിലും മറ്റു മൂന്ന് ലോറിയിലുമായാണ് സിഗരറ്റ് തിരൂരിലെ ഗോഡൗണിൽ എത്തിച്ചത്. ഇടയ്ക്ക് വലിയ വാഹനങ്ങൾ എത്തി ലോഡ് ഇറക്കുന്നതിൽ സംശയം തോന്നിയ ചിലർ കസ്റ്റംസിനെ വിവരം അറിയച്ചതിനെ തുടർന്നാണ് ഗോഡൗണിൽ പരിശോധന നടത്തിയതെന്നാണ് നിഗമനം.
സംസ്ഥാനത്താകമാനം നിരോധിത സിഗരറ്റ് വിൽപ്പന നടത്തിയിരുന്നത് കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുകയും ചിലയിടങ്ങളിൽ നിന്നും ചെറിയ തോതിൽ നിരോധിത സിഗരറ്റുകൾ പിടികൂടുകയും ചെയ്തതിനാൽ താവളം മാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് നിരോധിത സിഗരറ്റ് തിരൂർ ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചിരുന്നത്.
തിരൂർ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോഡൗണിൽ സൂക്ഷിച്ചത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന ഇത്തരം സിഗരറ്റുകൾ ഇന്ത്യയിൽ നിരോധിച്ചതാണ്.കസ്റ്റംസ് റെയ്ഡ് നടത്തി 15 കോടിയോളം വിലമതിക്കുന്ന നിരോധിത സിഗരറ്റ് പിടികൂടിയെങ്കിലും ഇതിന്റെ ഉടമസ്ഥരെയും പിന്നിൽ പ്രവർത്തിക്കുന്നവരെയും പറ്റി അന്വേഷണം നടക്കുന്നുണ്ട്.വിദേശ സാധനങ്ങൾ ലഭ്യമാകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര ശ്യംഖല പ്രവർത്തിക്കുന്നത് തിരൂർ കേന്ദ്രീകരിച്ചാണ് എന്നതിനാൽ ഇത്തരം വ്യാജ നിർമ്മിത, നിരോധിത സാധനങ്ങൾ വിൽപ്പനയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം തിരൂർ ആണെന്നതിലാവാം തിരൂരിൽ ഇത്തരം ഗോഡൗണുകൾ പ്രവർത്തിക്കുന്നതെന്ന നിഗമത്തിലാണ് തിരൂരിലെ ജനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |