കൊച്ചി: പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് കൂട്ടിരിപ്പുകാർക്കൊപ്പം കളമശേരിയിലെ 'എന്റെ വീട്ടിൽ" താമസിച്ച് ചികിത്സ നടത്താം. താമസവും ഭക്ഷണവും ആശുപത്രിയിൽ പോയിവരാനുള്ള വാഹനവുമെല്ലാം സൗജന്യം. മാനസികസംഘർഷം ഒഴിവാക്കാൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ കൗൺസലിംഗുമുണ്ട്.
ഗുജറാത്ത് ആസ്ഥാനമായ ഇന്റാസ് ഫൗണ്ടേഷൻ കളമശേരി പുതിയറോഡിൽ മൂന്നുവർഷം മുമ്പാണ് അപ്‌നാഘർ (എന്റെ വീട്) തുറന്നത്. ഇന്റാസ് ഫാർമസ്യൂട്ടിക്കൽസിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായാണിത്. ക്യാൻസർ രോഗികൾക്കു മാത്രമാണ് പ്രവേശനം. ആവശ്യക്കാർക്ക് നേരിട്ട് സമീപിക്കാം.
കീമോതെറാപ്പിക്കും റേഡിയേഷനും വിധേയരാകുന്നവർക്ക് കൊച്ചിയിലെ ആശുപത്രികളിൽ വന്നുപോകാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ലക്ഷ്യം. കോഴിക്കോട്ടും കേന്ദ്രമുണ്ട്. രാജ്യമാകെ 41 കേന്ദ്രങ്ങൾ. എല്ലാ ജില്ലകളിലും തുടങ്ങാനാണ് ഫൗണ്ടേഷന്റെ പദ്ധതി.
സർവീസിൽനിന്ന് വിരമിച്ച ഡോക്ടർമാർ, നഴ്‌സുമാർ, ക്യാൻസർ അതിജീവിതർ തുടങ്ങിയവർ സൗജന്യ സേവനത്തിനായി എത്താറുണ്ട്. സി.സി ടിവിയും 24 മണിക്കൂറും സുരക്ഷാജീവനക്കാരുമുണ്ട്.
സാന്ത്വനവീട്ടിൽ
'കൂട്ടുകുടുംബം"
എ.സി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നുനില വീട്ടിൽ 22 രോഗികൾക്കും ഓരോ കൂട്ടിരിപ്പുകാരനും ചികിത്സ കഴിയുംവരെ താമസിക്കാം. എട്ടു മുറികളിൽ ഓരോന്നിലും മൂന്നു രോഗികൾ. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക മുറി. കൂട്ടിരിപ്പുകാർക്ക് ഹാളിലാണ് സൗകര്യം. കട്ടിലും കിടക്കയും പുതപ്പുമെല്ലാമുണ്ട്. കൂട്ടുകുടുംബം പോലെ എല്ലാവരും ഒരുമിച്ചുകഴിയുന്നു. മൂന്നു വർഷത്തിനിടെ രണ്ടായിരത്തോളം പേർ താമസിച്ചു.
ഒരുമിച്ച് പാചകം,
വിഭവ സമൃദ്ധം
മൂന്നുനേരവും സസ്യാഹാരം. രാവിലെ പുട്ട്, അപ്പം, ദോശ തുടങ്ങിയവയും ഉച്ചയ്ക്ക് ചോറും കറികളും. വൈകിട്ട് ചായയും രാത്രി ചോറോ കഞ്ഞിയോ ചപ്പാത്തിയോ ഉണ്ടാകും.
കൂട്ടിരിപ്പുകാർ ഒരുമിച്ചാണ് പാചകം. പച്ചക്കറിയുൾപ്പെടെ സാധനങ്ങൾ സ്ഥാപനം നൽകും. വിശാലമായ അടുക്കളയിൽ പാചകവാതകവും അടുപ്പും ഉൾപ്പെടെ എല്ലാ സംവിധാനവുമുണ്ട്.
ടിവി, സൗജന്യ വൈഫൈ എന്നിവയ്ക്കു പുറമേ, ഉല്ലാസത്തിനും കലാ-കായിക വിനോദങ്ങൾക്കും സൗകര്യം.
എല്ലാ ജില്ലകളിൽനിന്നുമുള്ളവർ വരാറുണ്ട്. തുടർച്ചയായി റേഡിയേഷൻ ചെയ്യേണ്ടവർക്ക് ദിവസവും വീട്ടിൽ പോയിവരാൻ ബുദ്ധിമുട്ടായതിനാൽ വീട് വലിയ ആശ്വാസമാണ്. സാമ്പത്തികബാദ്ധ്യതയും ഒഴിവാകും.
ശിൽപ ശിവദാസ്
കൗൺസലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |