കൊല്ലം: കൊട്ടാരക്കരയിൽ ക്ഷേത്ര പൊങ്കാല കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ദമ്പതികളും മകനും അടക്കം മൂന്നു പേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് ചരുവിള പുത്തൻവീട്ടിൽ സത്യൻ (48),ഭാര്യ ലത (43),മകൻ അരുൺ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ പരിക്കുകൾ ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അരുണിന്റെ ഭാര്യ അമൃതയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാരംകുന്ന് മല്ലിക വിലാസത്തിൽ മല്ലിക (60), മക്കൾ വിഷ്ണു (34),വിജേഷ് (30) എന്നിവരെ കൊട്ടാരക്കര പൊലീസ് അടൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം. വെള്ളാരംകുന്ന് മാരിയമ്മൻ ദേവീക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇവരുടെ നേർക്ക് മല്ലികയും മക്കളും അപ്രതീക്ഷിതമായി വടിവാളുമായി എത്തുകയായിരുന്നു. തുടർന്ന് വടിവാളിന് വെട്ടിയപ്പോൾ അരുൺ കൈക്കുഞ്ഞുമായി തറയിൽ വീണു. അരുണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സത്യന് വെട്ടേറ്റത്. ലതയുടെ തലയിലും ദേഹത്തും ചുടുകട്ടകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. അമൃതയ്ക്ക് വീഴ്ചയിലാണ് പരിക്കേറ്റത്. രണ്ട് വർഷം മുൻപ് ഈ ക്ഷേത്രത്തിലെ ഉത്സവ ദിവസമുണ്ടായ അടിപിടിയുടെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. അന്നത്തെ സംഘർഷത്തിൽ അരുണിന്റെ,സൈനികനായ സഹോദരന് പരിക്കേറ്റിരുന്നു. ഈ വിഷയത്തിൽ കേസ് കോടതിയിൽ തുടരുമ്പോഴാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. രണ്ട് മാസം മുൻപ് അക്രമികൾ കാറിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
മല്ലികയാണ് ആക്രോശിച്ചുകൊണ്ട് ആദ്യം ചാടിവീണതെന്നും ഒപ്പമെത്തിയ മക്കൾ വടിവാളുകൊണ്ട് വെട്ടിയെന്നും പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.
കല്ലും കട്ടയും ഉപയോഗിച്ച് ഇടിച്ചുപരിക്കേൽപ്പിച്ചത് മല്ലികയാണെന്നും മൊഴിയിലുണ്ട്. പ്രതികൾക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |