കൊച്ചി: കയറ്റുമതി മേഖലയിലെ തളർച്ചയും ഇറക്കുമതിയിലെ വർദ്ധനയും ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നു. ജനുവരിയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 2,299 കോടി ഡോളറായി ഉയർന്നു. വ്യാവസായിക ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസം 2.4 ശതമാനം കുറഞ്ഞ് 3,643 കോടി ഡോളറിലെത്തി. ആഗോള മാന്ദ്യവും ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന സംബന്ധിച്ച ആശങ്കകളും ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. ഡിസംബറിൽ 3,801കോടി ഡോളറിന്റെ കയറ്റുമതിയാണ് നേടിയത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, മരുന്നുകൾ, അരി എന്നിവയാണ് കയറ്റുമതിയിൽ നേട്ടമുണ്ടാക്കിയത്.
ഉത്പന്നങ്ങളുടെ ഇറക്കുമതി 5,942 കോടി ഡോളറാണ്. ഡിസംബറിലിത് 5,995 കോടി ഡോളറായിരുന്നു.
സേവനങ്ങളുടെ കയറ്റുമതി ജനുവരിയിൽ 3,855 കോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
സ്വർണ, ക്രൂഡ് ഇറക്കുമതി കുറയുന്നു
രാജ്യാന്തര വിപണിയിൽ വില കുതിച്ചുയർന്നതോടെ ജനുവരിയിലെ സ്വർണ ഇറക്കുമതി 268 കോടി ഡോളറായി ഇടിഞ്ഞു. ഡിസംബറിൽ 470 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യയിലെത്തിയത്. ക്രൂഡോയിൽ ഇറക്കുമതിയും ഡിസംബറിലെ 1,520 കോടി ഡോളറിൽ നിന്ന് 1,340 കോടി ഡോളറിലേക്ക് താഴ്‌ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |