തിരുവനന്തപുരം: പകുതിവില തട്ടിപ്പു കേസിൽ പൊലീസ് റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്ന് സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി. രണ്ടാം തവണയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റുന്നത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കണ്ണൂർ പൊലീസ് റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 13ന് ഹാജരാക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചത്. അന്ന് ഹാജരാക്കാത്തതിനാൽ 18ലേക്ക് മാറ്റുകയായിരുന്നു. മൂന്നാം തവണയാണ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെടുന്നത്. സംസ്ഥാനമാകെ 1000 കോടിയുടെ തട്ടിപ്പു നടന്ന കേസിലാണ് പൊലീസിന്റെ മെല്ലപ്പോക്ക്.
കണ്ണൂർ എസ്.പിയെ എതിർകക്ഷിയാക്കിയാണ് മുൻകൂർ ജാമ്യാപേക്ഷ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കേസ്. ആനന്ദകുമാർ രണ്ടാംപ്രതിയാണ്. അനന്തുകൃഷ്ണനാണ് ഒന്നാംപ്രതി. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരെയും പ്രതികളാക്കി. സീഡ് സൊസൈറ്റി അംഗങ്ങൾക്ക് പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് 2,96,40,000 രൂപ തട്ടിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |