തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി പുതിയ മദ്യനയം പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ആദ്യഘട്ടമായി ടൂറിസം മേഖലയിലെ മദ്യശാലകൾക്ക് മാത്രം ഇളവ് അനുവദിച്ചാൽ മതിയോ എന്ന കാര്യത്തിൽ ഒരു വട്ടംകൂടി ചർച്ച നടത്തിയാവും തീരുമാനം.അടുത്തയാഴ്ച പ്രഖ്യാപനം വന്നേക്കും.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് ശുപാർശ നൽകും. ഒന്നാം തീയതികളിൽ മദ്യശാലകൾ അടച്ചിടുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവാനില്ലെന്ന് ബെവ്കോ എം.ഡി. ഹർഷിതാ അട്ടല്ലൂരി കേരളകൗമുദിയോട് പറഞ്ഞു. വർഷത്തിൽ 12 ദിവസങ്ങളിലെ വരുമാനമാണ് ഇതിലൂടെ നഷ്ടമാവുക. വിശേഷ ദിവസങ്ങളിലോ ഉത്സവങ്ങളോടനുബന്ധിച്ചോ ആവശ്യമെങ്കിൽ അടച്ചിടുന്നത് പരിഗണിക്കാവുന്നതാണെന്നും അവർ വിശദമാക്കി.
കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ അജണ്ടയിൽ മദ്യനയം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഡ്രൈ ഡേ ഒഴിവാക്കൽ, കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കൽ എന്നിവയിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ മാറ്റി വച്ചു. കള്ളു ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററെന്നത് കുറയ്ക്കണമെന്ന ആവശ്യം കാലങ്ങളായി ലൈസൻസികൾ ഉന്നയിക്കുന്നതാണ്. ഇത് പരിഗണിക്കേണ്ട നിർദ്ദേശമാണെന്ന് ചില മന്ത്രിമാർ അഭിപ്രായപ്പെടുകയും ചെയ്തു. ഡ്രൈ ഡേ ഒഴിവാക്കൽ പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ ബെവ്കോ കൂടി ആവശ്യപ്പെടുന്നതിനാൽ മൊത്തത്തിൽ നടപ്പാക്കാമെന്നാണ് ചിന്തിക്കുന്നത്. ശരാശരി 50 കോടിയാണ് ഒരു ദിവസത്തെ ബെവ്കോ വില്പന.നേരത്തെ പൂട്ടിയ നാല് ചില്ലറ വില്പനശാലകൾ ബെവ്കോ തുറന്നു. ഇപ്പോൾ 282 ഷോപ്പുകളുണ്ട്. പുതിയ എട്ടു ഷോപ്പുകളുടെ ലൈസൻസ് എക്സൈസ് പരിഗണനയിലാണ്. പുറമെ 25 ഷോപ്പുകൾക്ക് കെട്ടിടങ്ങൾ കണ്ടുപിടിച്ചു. അവയുടെ ലൈസൻസിന് അപേക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |