മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തുടർവിവാദങ്ങളിൽ കടുത്ത അതൃപ്തിയിൽ മുസ്‌ലിം ലീഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയ സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും കെ.പി.സി.സി നേതൃത്വത്തേയും അറിയിച്ചിട്ടും ഫലപ്രദമായി ഇടപെട്ടില്ലെന്ന വികാരം ലീഗിനുണ്ട്. സി.പി.എമ്മിന് മുതലെടുക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് അലോസരപ്പെടുത്തുന്നത്.27ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗിന്റെ അതൃപ്തി അറിയിക്കും.
കോൺഗ്രസിന്റെ ആഭ്യന്തര വിഷയത്തിലെ പരസ്യമായ അഭിപ്രായ പ്രകടനം യു.ഡി.എഫിൽ അനൈക്യമെന്ന സന്ദേശമേകും എന്നതിനാൽ വിമർശനം വേണ്ടെന്നായിരുന്നു ലീഗിന്റെ നിലപാട്. വിവാദം തുടർന്നാൽ ഇത് തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പ് ലീഗ് നേതൃത്വം ഇന്നലെ കോൺഗ്രസിന് നൽകിയിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങൾ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം കോൺഗ്രസ് ഗൗരവത്തിലെടുക്കണം. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു.
കോൺഗ്രസിലെ അനൈക്യം കാരണം, താഴേത്തട്ടിൽ യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ നേതാക്കളെ കൂട്ടിപ്പിടിച്ചു കൊണ്ടുപോവാൻ ജില്ലാ കോൺഗ്രസ് നേതൃത്വങ്ങൾക്ക് കഴിയുന്നില്ല. കേരളത്തിലെ സാഹചര്യം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കണമെന്ന തീരുമാനത്തിലേക്ക് ലീഗ് എത്തിയിട്ടുണ്ട്. മുന്നണി ബന്ധത്തിൽ കല്ലുകടിയാവാത്ത വിധം രഹസ്യമായാവും സന്ദർശനം.
തരൂർ അനഭിമതൻ
കോഴിക്കോട് മുസ്‌ലിം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചതോടെ ലീഗിന്റെ കണ്ണിലെ കരടായി ശശി തരൂർ മാറിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് തരൂർ നടത്തിയ നീക്കങ്ങളോട് ആദ്യഘട്ടത്തിൽ അനുകൂല നയം സ്വീകരിച്ച ലീഗ് നേതൃത്വം ഹമാസ് വിവാദത്തിന് ശേഷം നിലപാട് മാറ്റി. ലീഗിന്റെ വേദികളിൽ മുമ്പത്തെ പോലെ തരൂരിന് ക്ഷണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |