ന്യൂഡൽഹി: ജീവനക്കാരുടെ യൂണിയനുകൾ സംയുക്തമായി മാർച്ച് 24, 25 തീയതികളിൽ പണിമുടക്കുന്നതിനാൽ, തുടർച്ചയായി നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. തൊട്ടുമുമ്പുള്ള ദിവസങ്ങൾ ഞായറും നാലാം ശനിയുമായതാണ് കാരണം.
ആഴ്ചയിൽ അഞ്ച് ദിവസം ജോലി, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എല്ലാ കേഡറുകളിലും പതിവു നിയമനം, ഗ്രാറ്റുവിറ്റി പരിധി 25 ലക്ഷമാക്കി ഉയർത്തി ആദായനികുതി രഹിതമാക്കുക, ക്ഷേമ പദ്ധതികളിലെ നികുതി നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു)ആഹ്വാന ചെയ്‌ത സമരം ഒഴിവാക്കാൻ സർക്കാർ ചർച്ച നടത്തുന്നുണ്ട്.
മുന്നോടിയായി പ്രതിഷേധ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് കറുത്ത ബാഡ്‌ജ് ധരിക്കും. മാർച്ച് 3ന് പാർലമെന്റ് മാർച്ച് നടത്തി ധനകാര്യ സേവന വകുപ്പിന് നിവേദനം സമർപ്പിക്കും. മാർച്ച് 7ന് വൈകുന്നേരം 5:15 ന് രാജ്യമെമ്പാടും പ്രകടനം, മാർച്ച് 11നും പ്രതിഷേധം. മാർച്ച് 21ന് റാലി.
ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന ധനകാര്യ സേവന വകുപ്പിന്റെ (ഡി.എഫ്.എസ്) പുതിയ പ്രകടന അവലോകനവും പ്രോത്സാഹന നിർദ്ദേശങ്ങളും പിൻവലിക്കുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51% സർക്കാർ ഓഹരി നിലനിർത്തുക, ബാങ്കുകളിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഉപഭോക്താക്കളുടെ മോശം പെരുമാറ്റം തടയാൻ നടപടി തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |