തിരുവനന്തപുരം:ആറുവർഷത്തിന് ശേഷം കെ.എ.എസിന്റെ രണ്ടാം വിജ്ഞാപനത്തിനായി പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത് സർക്കാർ. ഡെപ്യൂട്ടേഷൻ റിസർവായി 31 ഒഴിവ് കണ്ടെത്തിയെങ്കിലും നിലവിൽ മൂന്നെണ്ണമാണ് പൊതുഭരണ വകുപ്പ് റിപ്പോർട്ട് ചെയ്തത്. ശേഷിക്കുന്ന 28 എണ്ണം ഡെപ്യൂട്ടേഷൻ റിസർവായി മാറ്റിവച്ചതായുള്ള കത്തും പി.എസ് .സിക്ക് നൽകി.
2024 ഡിസംബറിൽ ഒഴിവുകൾ നിലവിൽ വന്നതായാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ആലോചന.
രണ്ടുഘട്ട പരീക്ഷ
കെ.എ.എസിന് രണ്ടുഘട്ട പി.എസ്.സി പരീക്ഷയാണ്. ഡിസംബറിനകം പ്രാഥമിക, മുഖ്യ പരീക്ഷകൾ നടത്തും. റാങ്ക് ലിസ്റ്റ് അടുത്ത വർഷമാകും പ്രസിദ്ധീകരിക്കുക. യോഗ്യത ബിരുദം. മൂന്ന് സ്ട്രീമുകളിലേക്കാണ് വിജ്ഞാപനം. നേരിട്ടുള്ള വിജ്ഞാപനവും തസ്തികമാറ്റത്തിന് രണ്ട് സ്ട്രീമുകളുമാണുള്ളത്. നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 21-32. നോൺ ഗസറ്റഡ് ജീവനക്കാരുടെ തസ്തികമാറ്റത്തിന് 21-40. ഒന്നാം ഗസറ്റഡ് തസ്തികമാറ്റത്തിന് 50 വയസ്സ് പൂർത്തിയാകാൻ പാടില്ല
അഭിമുഖം 50 മാർക്കിന്
ഒ.എം.ആർ രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് നൂറ് മാർക്ക് വീതമുള്ള രണ്ട് പേപ്പറായിരിക്കും. വിജയിക്കുന്നവർക്ക് വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷയ്ക്ക് നൂറ് മാർക്ക് വീതം മൂന്ന് പേപ്പറുണ്ടാകും. 50 മാർക്കിന് അഭിമുഖവും ചേർത്ത് 350 മാർക്കാണ്.
കെ.എ.എസ് വിജ്ഞാപനം മാർച്ച് 7 ന്
റാങ്ക് ലിസ്റ്റ് 2026 ഫെബ്രുവരി 16ന്
തിരുവനന്തപുരം: കെ.എ.എസ് തിരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം
പുറപ്പെടുവിക്കുമെന്ന് പി.എസ്.സി അറിയിച്ചു. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കെ.എ.എസ് തിരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ
2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ 2025 ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 2026 ജനുവരിയിൽ അഭിമുഖം പൂർത്തിയാക്കി ഫെബ്രുവരി 16
ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ്
വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെ.എ.എസ് തിരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക,
അന്തിമ പരീക്ഷകൾക്ക് തീരുമാനിച്ചിട്ടുള്ളത്.
പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും,
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ
മലയാളത്തിലോ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം
എഴുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |