തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഡോ. ശശി തരൂർ എം.പി എത്തി. തരൂരിനെ കൈയടിച്ചാണ് സമരക്കർ സ്വാഗതം ചെയ്തത്.
ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് തരൂർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കത്തിലാണ്. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു.
സുധാകരനെ മാറ്റരുത്
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ തുടരണമെന്ന് ശശി തരൂർ എം.പി. അദ്ദേഹത്തെ മാറ്റേണ്ട ഒരു ആവശ്യവുമില്ലെന്നാണ് ഒരു സാധാരണ കോൺഗ്രസുകാരനെന്ന നിലയിൽ തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ കുറച്ചുകാലങ്ങൾക്കു ശേഷം വലിയ മുൻകൈയും ഉത്തരവാദിത്വവും പങ്കാളിത്തവുമുള്ള നേതാവാണ് കെ.സുധാകരൻ.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും വിജയിച്ചു.കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് പറയുന്നത് ഒരു അർഥവുമില്ലാത്ത കാര്യമാണ്. എല്ലാവരും അദ്ദേഹത്തിനൊപ്പം ഒന്നിച്ചുനിൽക്കണം. നേതൃമാറ്റം സംബന്ധിച്ച് എന്നോട് ആരും സംസാരിച്ചിട്ടില്ല. നാളെ ഡൽഹിയിൽ യോഗമുണ്ട്. അവിടെ എന്താണ് ചർച്ച വരുന്നതെന്ന് നോക്കട്ടെ. സംസ്ഥാനത്തെ കോൺഗ്രസിൽ അനൈക്യമാണെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, പാർട്ടിയിൽ ഐക്യം വേണമെന്നതിൽ ഒരു സംശയവുമില്ല–തരൂർ വ്യക്തമാക്കി. ഇംഗ്ലിഷ് മാദ്ധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിൽ പറഞ്ഞതിൽ മാറ്റമില്ലെന്നും അതു പൂർണമായി കേൾക്കാതെയാണ് ആളുകൾ ഓരോന്നു പറയുന്നതെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |