ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭാ എം.പിയാകാനുള്ള നീക്കമെന്ന് സൂചന. പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ആം ആദ്മി രാജ്യസഭാ എം.പി സഞ്ജീവ് അറോറയെ നാമനിർദ്ദേശം ചെയ്‌തത് കേജ്‌രിവാളിന് വഴിയൊരുക്കാനെന്ന് ബി.ജെ.പിയുംകോൺഗ്രസും ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഈ സീറ്രിൽ മത്സരിച്ച് കേജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്നുവെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.
ലുധിയാന സ്വദേശിയും വ്യവസായിയായ സഞ്ജീവ് അറോറ 2022 മുതൽ രാജ്യസഭാംഗമാണ്. ആം ആദ്മിയുടെ സിറ്റിംഗ് എം.എൽ.എ ഗുർപ്രീത് ബാസി ഗോഗിയുടെ മരണത്തെത്തുടർന്ന് ലുധിയാന വെസ്റ്റ് സീറ്റിൽ ഒഴിവുവന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ന്യൂഡൽഹിയിൽ സ്വന്തം സീറ്റ് നഷ്ടപ്പെട്ട കേജ്‌രിവാളിന് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് വരാൻ വഴിയൊരുക്കുകയാണോ എന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചോദിച്ചു. അറോറയെ മത്സരിപ്പിക്കാനുള്ള നീക്കത്തെ ബി.ജെ.പി ദേശീയ വക്താവ് ജയ്‌വീർ ഷെർഗിലും ചോദ്യംചെയ്തു. കേജ്‌രിവാളിന് ഡൽഹിയിൽ സർക്കാർ താമസ സൗകര്യം ഒരുക്കുകയാണോ ലക്ഷ്യം. അധികാരവും ആനുകൂല്യങ്ങളുമില്ലാതെ ജീവിക്കാൻ കഴിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേജ്‌രിവാൾ വൈകാതെ രാജ്യസഭയിലേക്കെത്തുമെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ പർതാപ് സിംഗ് ബജ്‌വ പറഞ്ഞതിനുപിന്നാലെയാണ് അറോറയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. കേജ്‌രിവാൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാൻ പദ്ധതിയിട്ടെങ്കിലും തോൽവി ഭയന്ന് തീരുമാനം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കേജ്‌രിവാളിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹം ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ തള്ളി.
ആദ്യം പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്നാണ് പറഞ്ഞത്. ഇപ്പോൾ രാജ്യസഭയിലേക്കായി. രണ്ടും തീർത്തും തെറ്റാണ്. പാർട്ടി ദേശീയ കൺവീനർ ആയ കേജ്‌രിവാൾ ഒരു സീറ്റിൽ ഒതുങ്ങില്ല.
-പ്രിയങ്ക കക്കർ
ആം ആദ്മി വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |