തൃശൂർ: തൃശൂർ പൂരം പടിവാതിലിലെത്തിയിട്ടും ഉത്തരമില്ലാത്ത പൂരം കലക്കൽ അന്വേഷണങ്ങൾ തുടരുന്നു. ഡി.ജി.പിയുടെ നേതൃത്വത്തിലും എ.ഡി.ജി.പി അജിത്കുമാറിന്റെ നേതൃത്വത്തിലും രണ്ട് അന്വേഷണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ത്രിതല അന്വേഷണം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി മുൻമന്ത്രിയും തൃശൂരിലെ സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽകുമാറിന്റെയുൾപ്പെടെ മൊഴി വീണ്ടുമെടുത്തിരുന്നു. ദുരൂഹതകളെല്ലാം പൊലീസിനു നേരെ തിരിഞ്ഞതിനെ തുടർന്നാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. മേയ് ആറിനാണ് അടുത്ത പൂരം.
പൊലീസിന്റെ ആദ്യ രണ്ട് അന്വേഷണത്തിലും അജിത് കുമാറിനെതിരെ പരാമർശമുണ്ടായിരുന്നതിനാൽ റിപ്പോർട്ട് പുറത്തു വിട്ടില്ലെന്നാണ് ആരോപണം. ആർ.എസ്.എസ് നേതാവിനെ കണ്ടതും പൂരം കലക്കലും സർക്കാരിനെ ബാധിച്ചതോടെയാണ് ക്രമസമാധാന ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയത്. പൂരത്തിന് തൊട്ടുമുമ്പ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് വീണ്ടും അലങ്കോലമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
വിവാദമായ എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച
അജിത്‌കുമാർ മുഖ്യമന്ത്രിക്കായി തൃശൂരിൽ ആർ.എസ്.എസ് നേതാവിനെ കണ്ടെന്നും സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. പൂരം തടസപ്പെട്ടപ്പോൾ ആംബുലൻസിൽ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഭരണകക്ഷി കൂടിയായ സി.പി.ഐയുടെ ആരോപണം. എന്നാൽ ആംബുലൻസിലല്ല വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ വീഡിയോയുടെ സഹായത്തോടെ ആ വാദം പൊളിച്ചിരുന്നു. സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസുമെടുത്തിരുത്തു. സുരേഷ് ഗോപിയെ സഹായിച്ചെന്നാരോപിച്ച് സി.പി.എം പിന്തുണയ്‌ക്കുന്ന തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിനെതിരെ വി.എസ്. സുനിൽകുമാർ രംഗത്തെത്തി. സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന് കണ്ട് നേതാക്കൾ നടത്തിയ ചർച്ചയിലാണ് പരസ്യ പ്രതികരണം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |