ഏഴ് ഇനങ്ങളിൽ മിടുക്ക് കാട്ടി ത്രയമ്പക് കണ്ണൻ
കൊല്ലം: സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്ത് അദ്ഭുതം സൃഷ്ടിക്കുകയാണ് കൊല്ലം തേവള്ളി മതിലിൽ ജംഗ്ഷൻ ഉത്രാടം വീട്ടിലെ ആറു വയസുകാരൻ ത്രയമ്പക് കണ്ണൻ. ഡ്രംസ്, കീബോർഡ്, തബല, ഹാർമോണിയം, ചെണ്ട, തുടി, സാക്സഫോൺ എന്നിവ ഈ കൊച്ചുമിടുക്കന്റെ കൈകൾക്ക് സുപരിചിതം.
പൊലീസ് ഉദ്യോഗസ്ഥനായ കണ്ണന്റെയും അശ്വതിയുടെയും ഏകമകനാണ് തങ്കശ്ശേരി ദേവമാതാ കോൺവെന്റ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥി ത്രയമ്പക് കണ്ണൻ. ഒന്നര വയസ് മുതലാണ് ത്രയമ്പകിന്റെ കഴിവുകൾ വീട്ടുകാർ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതോടെ അഭിരുചിക്കനുസരിച്ച് ചെണ്ട, ചെറിയ കീബോർഡ് എന്നിവ വാങ്ങി നൽകി. കേൾക്കുന്ന പാട്ടുകളും ട്യൂണുകളും നിമിഷ നേരത്തിനുള്ളിൽ കീബോർഡിൽ വായിക്കും. ത്രയമ്പക് ഇപ്പാൾ കൂടുതലായി ഉപയോഗിക്കുന്നത് ഡ്രംസ്, കീബോർഡ് എന്നിവയാണ്. വാദ്യോപകരണങ്ങൾ വായിക്കുന്നതിൽ, പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് .ഡ്രംസ്, കീബോർഡ് എന്നിവ ഉപയോഗിച്ചുള്ള മ്യൂസിക്കൽ ഫ്യൂഷൻ ഇതിനോടകം 20 ൽ പരം വേദികളിൽ അവതരിപ്പിച്ചു. മുത്തച്ഛന്മാരായ തുളസീധരൻ, എൻ. ബാലചന്ദ്രൻ എന്നിവരാണ് പരിപാടികൾക്ക് കൂട്ടുപോകുന്നത്. നിരവധി പുരസ്കാരങ്ങളും ഈ കലാകാരനെ തേടിയെത്തി.
ഡോ. ശർമ്മ സ്കൂൾ ഒഫ് മ്യൂസിക്കലിലെ വിദ്യാർത്ഥിയാണിപ്പോൾ ത്രയമ്പക്. സംഗീത അദ്ധ്യാപകൻ വൈശാഖ് ശർമ്മയാണ് ഗുരു. തബല ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം ഇപ്പാൾ നിറുത്തി വച്ചിരിക്കുകയാണ്. സ്വകാര്യ ചാനലുകളിലടക്കം പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. മുത്തശ്ശിമാരായ സിന്ധു, ബിന്ദുലേഖ എന്നിവരും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.
വരയിലും മിടുക്കൻ
ചെറുപ്പത്തിൽ തന്നെ ചിത്രരചനയുടെ ബാലപാഠങ്ങളും ത്രയമ്പക് സ്വന്തമാക്കി. ടെലിവിഷനിലെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളെ ക്യാൻവാസിലേക്ക് പകർത്തിയാണ് തുടക്കം. മുത്തച്ഛൻ തുളസീധരന്റെ കാരിക്കേച്ചർ വരച്ച് വരയുടെ പുതിയ തലത്തിലേക്കും കടന്നു. ഇതോടെ ചിത്രരചന പഠനവും ആരംഭിച്ചു. അറിയപ്പെടുന്ന സംഗീതജ്ഞൻ ആകണമെന്നാണ് ത്രയമ്പകിന് ആഗ്രഹം.
വളരെ കുഞ്ഞിലേ തന്നെ മോൻ ശബ്ദങ്ങൾ ശ്രദ്ധിച്ച് താളം പിടിക്കുമായിരുന്നു. അങ്ങനെയാണ് സംഗീതത്തോടുള്ള താത്പര്യം തിരിച്ചറിയുന്നത്
തുളസീധരൻ, മുത്തച്ഛൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |