ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴുപേർ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. തകഴി സ്വദേശികളായ രണ്ടുപേരാണ് കേസിന് മൊഴി നൽകിയത്. ഇതോടെ പ്രതിഭയുടെ മകനടക്കം ഏഴു പേർക്കെതിരെ കേസ് നില നിൽക്കാൻ സാദ്ധ്യതയില്ലെന്ന് ആലപ്പുഴ അസി. കമ്മിഷണർ എസ്.അശോക് കുമാർ സംസ്ഥാന എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് എസ്. അശോക് കുമാർ നടത്തിയ അന്വേഷണത്തിലാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയത്.
യുവാക്കൾ കഞ്ചാവ് വലിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയെന്നായിരുന്നു കേസെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നത്. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. സംഭവത്തിൽ എം.എൽ.എയുടെ മകനടക്കം ഏഴു പേരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നില്ലെന്നും എസ്. അശോക് കുമാറിന്റെ റിപ്പോർട്ടിലുണ്ട്. കഞ്ചാവ് വലിച്ചെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് കേസിനാധാരം.
എം.എൽ.എയുമായുള്ള ആശയവിനിമയത്തിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്. മകനെതിരെ കേസെടുത്ത കാര്യം എം.എൽ.എയോട് മറച്ചുവച്ചു. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം വിടുമെന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ ഫേസ്ബുക്ക് ലൈവിൽ കേസില്ലെന്ന് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് കുട്ടനാട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്‌സൈസ് സി.ഐ ജയരാജ്, റേഞ്ച് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘാംഗങ്ങളുടെയും മൊഴിയെടുത്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |