സിനിമാ താരങ്ങളുടെ ജീവിതത്തിൽ നടന്ന അധികമാർക്കുമറിയാത്ത കാര്യങ്ങൾ സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്താറുണ്ട്. അത്തരത്തിൽ കൗതുകകരമായ കഥയാണ് ഇത്തവണ അഷ്റഫ് വെളിപ്പെടുത്തിയത്.
ഒരു മുത്തശ്ശിക്കഥ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നായികയാണ് നിരോഷ. പിന്നീട് തമിഴിൽ പ്രശസ്തയായ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പുതിയ വീഡിയോയിൽ അദ്ദേഹം പങ്കുവച്ചത്. പ്രശസ്ത നടി രാധിക ശരത് കുമാറിന്റെ അനുജത്തിയാണ് നിരോഷ.
'മണിരത്നത്തിന്റെ സിനിമയിൽ നിന്ന് നായികയായിരുന്ന ലിസി പിന്മാറി. ഗാനരംഗത്ത് ബിക്കിനിയിട്ട് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. പ്രിയദർശൻ ലിസിക്ക് പകരക്കാരിയായി മുത്തശ്ശിക്കഥയിലെ നായിക നിരോഷയെക്കുറിച്ച് മണിരത്നത്തോട് പറഞ്ഞു.
ഒരു പൂങ്കാവനം എന്ന ഗാനത്തിൽ ബിക്കിനിയിട്ട് അഭിനയിച്ച നിരോഷയെ തമിഴ് മക്കൾ നെഞ്ചിലേറ്റി. താൻ ആ ഗാനരംഗം ഇടയ്ക്കിടെ കാണുമായിരുന്നെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിട്ടുണ്ട്. നിരോഷയുടെ ആ ചിത്രത്തിന്റെ നിർമാതാവ് കോടികൾ വാരിയെടുത്തു. അതോടെ നിരോഷ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ നിറഞ്ഞാടി.
സിന്ദൂരപ്പൂവ് എന്ന തമിഴ് ചിത്രത്തിൽ റാംകി എന്ന നായകന്റെ കൂടെ നായികയായി അഭിനയിച്ചു. ഇതിനിടയിൽ പല കാര്യങ്ങളിലും ചേർച്ചയില്ലാതെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അനുമതിയില്ലാതെ ശരീരത്തിൽ തൊട്ട് അഭിനയിച്ചതിന് നിരോഷ അയാളോട് കയർത്തു. സ്ത്രീകളെ തൊട്ടുരുമ്മി അഭിനയിക്കുമ്പോൾ കമലഹാസൻ പോലും അവരുടെ അനുവാദം വാങ്ങാറുണ്ടെന്ന് നിരോഷ ഓർമിപ്പിച്ചു. അവർ തമ്മിൽ കാണുമ്പോഴൊക്കെ ഇഷ്ടക്കേടുകൾ പ്രകടമാക്കിയിരുന്നു. ചെറുതായി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കൽ റാംകി നിൽക്കുന്നു. ട്രെയിനിനൊപ്പം നിരോഷയും ഓടിക്കൊണ്ടിരിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ നിരോഷ അബദ്ധത്തിൽ കാല് തെട്ടി ട്രെയിനിന് അടിയിലേക്ക് വീഴാൻ തുടങ്ങുമ്പോൾ പടിയിലിരുന്ന് റാംകി നടിയെ താങ്ങിപ്പിടിച്ച്, ട്രെയിനിനകത്തേക്കിട്ടു. അപ്പോഴേക്ക് നടി അബോധാവസ്ഥയിലായി. പിന്നീട് നിരോഷയെ ശുശ്രൂഷിച്ചത് റാംകിയായിരുന്നു. അവിടെ നിന്ന് ഉടലെടുത്ത അവരുടെ പ്രണയം, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹത്തിൽ കലാശിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വർഷമായി. സന്തോഷത്തോടെ ജീവിതം തുടരുന്നു. എങ്കിലും കുട്ടികളില്ലെന്നൊരു ദുഃഖം അവർക്കുണ്ട്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |