ശ്രീനാരായണ ഗുരുദേവനും മഹാത്‌മാഗാന്ധിയും തമ്മിൽ നടന്ന സമാഗമത്തിന് നൂറു വയസാകുന്നു. ഈ വർത്തമാനകാലത്തും, അവർ നടത്തിയ സംഭാഷണം വളരെ പ്രസക്തമാണ്. കാരണം, ആ കൂടിക്കാഴ്ചയിൽ ഇരുവരും സംസാരിച്ച വിഷയങ്ങൾ ഇനിയും പൂർണമായും പരിഹൃതമായിട്ടില്ല. അടുത്ത ഒരു നൂറ്റാണ്ടിനുള്ളിൽപ്പോലും ആ മഹാത്‌മാക്കൾ വിഭാവനംചെയ്ത രീതിയിൽ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയും പരിഗണിക്കുകയും ചെയ്യുന്ന നിലയിലേക്ക് സമൂഹം മാറുമോ എന്നുപോലും പറയാനാകില്ല. അത്രമാത്രം രൂഢമൂലമാണ് മനുഷ്യനിർമ്മിതമായ വൈതരണികൾ. മനുഷ്യവർഗത്തിന്റെ പുരോഗതിക്ക് അണ്ഡകടാഹത്തിലെ ഒരു അണുപോലും തടസം സൃഷ്ടിക്കുന്നില്ല. ജന്തുമൃഗാദികളും വൃക്ഷലതാദികളും പ്രകൃതിയിലെ കാറ്റും വെളിച്ചവും വെള്ളവുമെല്ലാം അതിന് സർവഥാ അനുകൂലമാണ്. പക്ഷേ എല്ലാ മനുഷ്യർക്കും ഒന്നുപോലുള്ള ഉന്നമനവും വികാസവും സാധിതപ്രായമാകുന്നില്ല. അതിന് തടസം സൃഷ്ടിക്കുന്നത് മനുഷ്യർ തന്നെ മാനസികമായി സൃഷ്ടിച്ചിട്ടുള്ള മതിൽക്കെട്ടുകളാണ്.
ഗുരുദേവൻ ശരീരം വെടിഞ്ഞിട്ട് ഒരു നൂറ്റാണ്ടോളം അടുക്കുന്നു; മഹാത്‌മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ സ്വതന്ത്രയായിട്ട് മുക്കാൽ നൂറ്റാണ്ടും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ഉദ്‌ബോധനവും, ഓരോ ഭാരതീയന്റെയും ഹൃദയത്തെ നയിക്കേണ്ടത് അഹിംസയാവണം എന്ന ഗാന്ധിജിയുടെ തത്വോപദേശവും എത്രമാത്രം പ്രാവർത്തികമായിട്ടുണ്ട് എന്നൊരു ആത്മപരിശോധന ഓരോ മനുഷ്യനും നടത്തേണ്ട സന്ദർഭം കൂടിയാണ് ആ രണ്ട് ത്യാഗമൂർത്തികളുടെ മുഖാമുഖത്തിന്റെ ഈ ശതാബ്ദി വേള. മഹാത്മാക്കൾ പറയുന്ന ഓരോ ചെറിയ വാചകത്തിനും അഗാധമായ അർത്ഥതലങ്ങൾ ഉണ്ടായിരിക്കും. ശ്രവണമാത്രയിൽ അതിന്റെ ബാഹ്യാർത്ഥമല്ലാതെ, വർഷങ്ങൾക്കിപ്പുറവും വജ്രകാന്തി ചൊരിയുന്ന ആ വാക്കുകളുടെ ആന്തരാർത്ഥം വെളിവാകണമെന്നില്ല.
കൂടിക്കാഴ്ചയിൽ, ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്; അത് സഫലമാകാതെ വരുമോ എന്ന് ഗാന്ധിജി ചോദിക്കുന്നുണ്ട്. 1925 മാർച്ച് 12നാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അതും കഴിഞ്ഞ് ഏതാണ്ട് കാൽനൂറ്റാണ്ടിനോടടുത്താണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഗാന്ധിജി ഒരു കർമ്മയോഗിയാണ്. ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ അതിന്റെ ഫലത്തെപ്പറ്റി ചിന്തിക്കരുത് എന്നത് ഗാന്ധിജിക്കറിയാം. തന്റെ സ്വാതന്ത്ര്യ സമര പരിശ്രമങ്ങൾ വിഫലമാകില്ല എന്ന ബോദ്ധ്യം അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരിക്കാമെങ്കിലും അതിനൊരു വ്യക്തത കൈവന്നിട്ടില്ല എന്നതിൽ നിന്നാണ് ഈ ചോദ്യം ഉയർന്നതെന്ന് ഊഹിക്കാം. അങ്ങനെയൊരു ചോദ്യത്തിന് സ്‌ഫുടമായ ഉത്തരം നൽകാൻ പ്രാപ്‌തിയുള്ള വിഗ്രഹം തന്നെയാണ് തന്റെ മുന്നിലിരിക്കുന്ന ഗുരുദേവൻ എന്ന് ക്രാന്തദർശിയായ ഗാന്ധിജിക്ക് ബോദ്ധ്യമാകാതിരിക്കാൻ തരമില്ല.
'നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും " എന്ന് ഗുരു ഉരുവിട്ടത് അതായി മാറിയതിനു ശേഷമാണല്ലോ. ഗാന്ധിജിയുടെ ചോദ്യത്തിന്, 'അത് സഫലമാകാതെ വരില്ല" എന്ന വ്യക്തമായ ഉത്തരമാണ് ഗുരു നൽകിയത്. ബ്രിട്ടീഷുകാരിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതാണ് അങ്ങനെ പറയാതെതന്നെ ഗാന്ധിജി ഉദ്ദേശിച്ചത് എന്നതിനാലാണ് ഗുരു അത് സഫലമാകും എന്നു പറഞ്ഞത്. എന്നാൽ അതിന് അനുബന്ധമായി ഗുരു പറഞ്ഞ അടുത്ത വാചകമാണ് ഇന്നത്തെക്കാലത്തും ഏറെ പ്രസക്തമായി മാറുന്നത്. ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓർത്താൽ അതിന്റെ പൂർണ ഫലപ്രാപ്‌തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരുമെന്നുതന്നെ പറയാം എന്നാണ് ഗുരു മറുപടിയായി പറഞ്ഞത്!
ഗുരുദേവന്റെ സ്വതസിദ്ധമായ നർമ്മം കൂടി ഈ വാചകത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. അത് ഗാന്ധിജിയെ ചിരിപ്പിക്കുകയും ചെയ്തു. ഗുരു പറഞ്ഞത് എത്രയോ വലിയ സത്യമാണ്. ഇന്നും ഭാരതത്തിലെ ജനങ്ങളിലെ ഭൂരിപക്ഷവും ലൗകികമായ സ്വാതന്ത്ര്യത്തിന്റെ പൂർണ ഫലപ്രാപ്‌തിയിൽ എത്തിയിട്ടുണ്ടോ? അതിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കിലും പ്രവൃത്തിയിലും- എന്തിന്, വസ്‌ത്രധാരണത്തിൽപ്പോലും എല്ലാ ഭാരതീയർക്കും ഹൃദയംകൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്ന, ഗാന്ധിജിയെപ്പോലെ ഋഷിതുല്യനായ മറ്റൊരു മഹാത്‌മാവ് അവതരിക്കേണ്ടിവരുമെന്ന ഗുരുവിന്റെ പ്രവചനം ഇന്നല്ലെങ്കിൽ നാളെ സഫലമാകാതിരിക്കില്ല.
ഗുരുവിന്റെയും ഗാന്ധിജിയുടെയും ജീവിതം വ്യത്യസ്തമായിരുന്നു. ത്രീപീസ് സ്യൂട്ട് ധരിച്ചിരുന്ന ഗാന്ധി അതുപേക്ഷിച്ചാണ് ഒറ്റമുണ്ടിലേക്കു മാറിയത്. എന്നാൽ, പാശ്ചാത്യമായ ഒരു സ്വാധീനവും ഗുരുവിനെ സ്പർശിച്ചിട്ടില്ല. അതേസമയം വിദേശികളെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഗുരു ഒരു വാക്കും പറഞ്ഞിട്ടുമില്ല. ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങളെല്ലാം സംസ്‌കൃത ഭാഷയിലാണ്; വേദങ്ങളും. അതൊക്കെ അർത്ഥമറിഞ്ഞ് സ്വാംശീകരിക്കുന്നവരുടെ വ്യുത്‌പത്തി ഒരിക്കലും ഇംഗ്ളീഷ് ഭാഷ മാത്രം അറിയാവുന്ന ഒരാൾക്ക് തരമാകുന്നതല്ല. അതാണ് 'ഇംഗ്ളീഷ് അറിയുമോ" എന്ന ചോദ്യത്തിന് മറുചോദ്യമായി 'സംസ്‌കൃതം അറിയുമോ" എന്ന് ഗുരു തിരിച്ചു ചോദിച്ചത്.
സംസ്കൃത ഭാഷ ഭാരതത്തിൽ അന്യംനിന്നു പോകാൻ ഇടയാക്കിയത് താഴ്‌ന്ന സമുദായങ്ങളിൽപ്പെട്ടവർക്ക് അത് പഠിക്കാനുള്ള അവസരം നിഷേധിച്ചതിനാലാണ്. ഇത് അങ്ങനെ നേരിട്ട് പറഞ്ഞില്ലെങ്കിലും താഴ്ന്ന സമുദായത്തിൽപ്പെട്ട കുട്ടികൾ മറ്റുള്ളവരോടൊപ്പം ശിവഗിരിയിൽ താമസിച്ച് പഠിച്ചുവരുന്നുണ്ട് എന്നത് ഗുരു ചൂണ്ടിക്കാട്ടി. താഴ്‌ന്ന വർഗക്കാരുടെ അവശതകൾ തീർക്കുന്നതിന് വിദ്യാഭ്യാസവും ധനവുമാണ് വേണ്ടത്. അതുണ്ടാകുമ്പോൾ മറ്റുള്ളവരും അവരെ അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാകും. അതിന്റെ തുടക്കമെന്ന നിലയിലാണ് ശിവഗിരിയിൽ താഴ്‌ന്ന ജാതിയിലുള്ള കുട്ടികളെയും ഗുരുവിന്റെ കാർമ്മികത്വത്തിൽ സംസ‌്കൃതവും മറ്റും അഭ്യസിപ്പിക്കാൻ തുടങ്ങിയത്. പിറ്റേദിവസം അവിടത്തെ കുട്ടികൾ ഗാന്ധിജിക്കു മുന്നിൽ പുരാണ പാരായണം നടത്തുകയും ചെയ്തു. ഇത് ഗാന്ധിജിയുടെ ഉള്ളിൽത്തട്ടിയ ഒരു കാര്യമാണ്. തിരുവനന്തപുരത്തെ പൊതുയോഗത്തിൽ ഗാന്ധിജി അത് തുറന്നുപറയുകയും ചെയ്തു.
ഗാന്ധിജി പറഞ്ഞ വാക്കുകൾ ഇങ്ങനെ: 'ശിവഗിരി മഠം മഹത്വമുള്ളതാണ്, സുന്ദരമാണ്. അവിടെ ചില പുലയക്കുട്ടികൾ സംസ്കൃതം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. ചുരുക്കം സംസ്കൃത പണ്ഡിതന്മാർക്കു മാത്രമേ അത്ര ഭംഗിയായി പാരായണം ചെയ്യാൻ കഴിയൂ." സമാഗമത്തിന്റെ അവസാനം ഗുരു ഗാന്ധിജിക്കു പകർന്നത് ശുദ്ധമായ അദ്വൈതത്തിന്റെ സത്താണ്. ലോകത്തിലെ വലിപ്പച്ചെറുപ്പങ്ങൾ പ്രകൃത്യാനുസരണമായുള്ളതാണെന്നാണ് ഗാന്ധിജി അതുവരെ ധരിച്ചുവച്ചിരുന്നത്. അതിനാലാണല്ലോ ഒരു വൃക്ഷത്തിലെ ഇലകളെല്ലാം ഒരുപോലെയല്ലല്ലോ എന്ന ചോദ്യം ഗാന്ധിജിയിൽ നിന്ന് ഉണ്ടായത്. മനുഷ്യനിലെ ജാതി വ്യത്യാസവും വലിപ്പച്ചെറുപ്പവുമൊക്കെ ഈശ്വരേച്ഛ ആയിരിക്കണം എന്നൊരു ചിന്തയാണ് ഗാന്ധിജി അതുവരെ പിന്തുടർന്നിരുന്നത് എന്ന് വേണം കരുതാൻ.
ആ വൃക്ഷത്തിലെ എല്ലാ ഇലകളുടെയും ചാറിന് ഒരു ഗുണമായിരിക്കുമെന്നാണ് ഗുരുദേവൻ പറഞ്ഞത്. അതുപോലെ, ഭിന്നജാതിയിൽപ്പെട്ടവരാണെന്നു തോന്നിയാലും മനുഷ്യരെല്ലാം മൗലികമായി ഒരേ സത്തയുടെ ആവിഷ്കാരങ്ങളാണെന്ന് ഗുരു വിശദീകരിക്കുകയും, ആ യുക്തി തനിക്കു ബോദ്ധ്യമായെന്ന് ഗാന്ധിജി സമ്മതിക്കുകയും ചെയ്തു. ആദിവസ്തു ഒന്നുതന്നെയാണ് എന്ന് സ്ഥാപിക്കുകയായിരുന്നു ഗുരു. ഗാന്ധിജിയുടെയും ഗുരുദേവന്റെയും വാക്കുകളും പ്രവൃത്തികളുമൊന്നും പാഴായിപ്പോകില്ല. ആ വഴികൾ പിന്തുടരുന്ന അറിയപ്പെടാത്ത പരസഹസ്രം ആളുകൾ ഇന്നും ഇവിടെയുണ്ട്. അവരുടെ ഹൃദയങ്ങളിലൂടെ ആ നിസ്വാർത്ഥ മൂർത്തികൾ കൊളുത്തിയ ദീപങ്ങൾ പ്രകാശം പരത്തിക്കൊണ്ടിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |