തിരുവനന്തപുരം: മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. പാർട്ടി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗേവിന്ദന്റെ വിശദീകരണം. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പാർട്ടി കോൺഗ്രസിന് ശേഷം അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സംസ്ഥാന സമ്മേളനം കഴിഞ്ഞതിന് പിന്നാലെ സിപിഎം നേതൃത്വത്തിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ തുടരുകയാണ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്ക് പേജിന്റെ കവർ ഫോട്ടോ മാറ്റിയാണ് പ്രതിഷേധിച്ചത്. 'നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!' എന്ന കുറിപ്പോടെയാണ് പുതിയ കവർ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വലിയ സംഘത്തെ വേദിയിൽ നിന്ന് കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണ് ചിത്രം. കുറിപ്പിനൊപ്പം ആശ്ചര്യ ചിഹ്നം കൂടി ചേർത്തത് വെറുതേയല്ലെന്നാണ് രാഷ്‌ട്രീയവൃത്തങ്ങൾ കരുതുന്നത്.
കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ദിവസം സമാപിച്ച കൊല്ലം സമ്മേളനം വലിയ വിജയമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴാണ് 2016ലെ ചിത്രവുമായി കടകംപള്ളി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. എ പത്മകുമാറിന്റെയും എൻ സുകന്യയുടെയും പോസ്റ്റുകൾ ചർച്ചയായതിന് പിന്നാലെ കടകംപള്ളിയുടെ പോസ്റ്റും ശ്രദ്ധനേടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |