തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും, പല കാര്യങ്ങളിലും തങ്ങളെ അടുപ്പിച്ചില്ലെന്നും ചൊവ്വാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. നിലമ്പൂരിലെ തോൽവിയെക്കുറിച്ച് മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാർത്ഥിയെന്ന നിലയ്ക്ക് എം.സ്വരാജിന് നിലമ്പൂരിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നതാണ് എക്സിക്യൂട്ടീവിലെ മറ്റൊരു വിമർശനം. നാട്ടുകാരനെന്ന പരിഗണന വോട്ടർമാർക്കുണ്ടായില്ല.സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും വിജയിക്കാനാവാതെ പോയത് കനത്ത തിരിച്ചടിയായി. മണ്ഡലത്തിന്റെ സ്വഭാവം മനസിലാക്കാതെയുള്ള പ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ചത്. എ.വിജയരാഘവനും എം.വി.ഗോവിന്ദനും മാത്രമാണ് കാര്യങ്ങൾ തീരുമാനിച്ചത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ പോലും ശരിയായ കൂടിയാലോചന ഉണ്ടായില്ല. പ്രഖ്യാപനം വന്നപ്പോൾ മാത്രമാണ് സ്വരാജാണ് സ്ഥാനാർത്ഥി എന്നത് പുറത്തു വരുന്നത്. കണ്ണൂരിൽ പ്രചാരണം നടത്തുന്ന ശൈലിയിൽ നിലമ്പൂരിൽ പ്രവർത്തിച്ചാൽ പ്രയോജനമുണ്ടാവില്ല. നിർണായകമായ അവസാന ദിവസങ്ങളിലെ പ്രചാരണം പൂർണ്ണമായി പാളി. മലപ്പുറം ജില്ലാ കമ്മിറ്റിക്കും നിലമ്പൂർ, എടക്കര ഏരിയ കമ്മിറ്റികൾക്കും കാര്യമായ ചുമതകൾ ഉണ്ടായിരുന്നില്ലെന്നും എക്സിക്യൂട്ടീവ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |