□തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്
ആലപ്പുഴ : തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ
മന്ത്രി ജി.സുധാകരനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിൽ പൊലീസിന് തെളിവ് കണ്ടെത്താനായില്ല. അന്വേഷണം അവസാനിപ്പിക്കണമെന്നും തെളിവുകൾ ലഭിച്ചില്ലെന്നും സൂചിപ്പിച്ചുള്ള റിപ്പോർട്ട് അന്വേഷണച്ചുമതലയുള്ള ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് നൽകി. കേസിൽ മാർഗനിർദേശം നൽകണമെന്നും റിപ്പോർട്ടിൽ സൗത്ത് സി.ഐ കെ.ശ്രീജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. 36 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിന്റെ രേഖളോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നാണ് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച മറുപടി. എന്തെങ്കിലും തെളിവ് ലഭിച്ചാൽ മാത്രമേ സുധാകരന്റെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാകൂ. വോട്ടിംഗ് രഹസ്യാത്മകത ലംഘനം, ബൂത്ത് പിടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി മൂന്നു മുതൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |