വക്കം : വക്കം, കായിക്കരക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. അഞ്ചുതെങ്ങ്,വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി.എസ് കനാലിന് കുറുകെ കായിക്കരക്കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ അവസാനഘട്ട ഭൂമി ഏറ്റെടുക്കലിന് അനുമതിയായി. വക്കം അഞ്ചുതെങ്ങ് വില്ലേജുകളിലെ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. തുടർനടപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി രാജൻ നിർദ്ദേശം നൽകി. അഞ്ചുതെങ്ങ്, വക്കം പഞ്ചായത്ത് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു കായിക്കര കടവിൽ പാലം നിർമ്മിക്കണമെന്നത്. 2017-18ൽ പാലം നിർമ്മാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്ന് 25 കോടിയുടെ ഭരണാനുമതിയും 5.5 കോടിയുടെ സാമ്പത്തിക അനുമതിയും ലഭിച്ചിരുന്നു. 222 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.5 മീറ്റർ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും കായിക്കര ഭാഗത്ത് 248 മീറ്ററും വക്കത്ത് 188 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനാണ് അനുമതി ലഭിച്ചത്. തുടർന്ന് അന്നത്തെ എം.എൽ.എമാരായ വി. ശശി കായിക്കരയിലും ബി.സത്യൻ വക്കത്തും സ്ഥലമേറ്റെടുപ്പിനുള്ള അതിരുകല്ലുകൾ നാട്ടുകയും സ്ഥലമേറ്റെടുപ്പ് ആരംഭിക്കുകയും ചെയ്തു.
ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതി നീളുന്നതിന് കാരണമായി
പാലം നിർമ്മിക്കുന്നതിനായി 44 ഭൂവുടമകളിൽ നിന്ന് 50.43 ആർ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. അതിൽ 22 പേരുടെ ഭൂമി ഏറ്റെടുത്തു. അവശേഷിക്കുന്ന വക്കം വില്ലേജിലെ 6 പേരുടെയും അഞ്ചുതെങ്ങ് വില്ലേജിലെ 16 പേരുടെയും ഭൂമി ഏറ്റെടുക്കുന്നതിനാണ് ഇപ്പോൾ അനുമതിയായത്.
ടൂറിസവും കുതിക്കും
ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി 2,19,74,184 രൂപ കൈമാറിയിട്ടുണ്ട്. ഇനി ഏറ്റെടുക്കേണ്ട ഭൂമിക്ക് നൽകാൻ 3,35,45,531 രൂപ ബാക്കിയുണ്ട്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ 1,28,56,770 കൂടി ആവശ്യമാണ്. തുക ലഭ്യമാക്കാൻ കിഫ്‌ബിക്ക് മന്ത്രി നിർദ്ദേശം നൽകി. പാലം യാഥാർത്ഥ്യമാകുന്നതോടെ അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളിലെ തീരദേശ-കായലോര ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
യാത്ര എളുപ്പമാകും
നിലവിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളിൽ വിദ്യാർത്ഥികളും നാട്ടുകാരും മത്സ്യത്തൊഴിലാളികളുമെത്തുന്നത്. കടത്തുവള്ളമാണ് ഇവരുടെ ഏകആശ്രയം. മുതലപ്പൊഴി കടൽത്തീരം, അഞ്ചുതെങ്ങ് കോട്ട, കുമാരനാശാൻ സ്മാരകം, പൊന്നിൻതുരുത്ത്, വക്കത്തെ കായൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പാലത്തിലൂടെ എളുപ്പത്തിലെത്താൻ കഴിയും. കൂടാതെ വക്കത്തുള്ളവർക്ക് തീരദേശ റോഡുവഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ലാഭിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |