ബംഗളൂരു: പത്ത് പതിനഞ്ച് തവണ അടിച്ചു. ഭക്ഷണം തന്നില്ല. അറുപതോളം പേപ്പറുകളിലും ഒന്നും എഴുതാത്ത 40ഓളം പേപ്പറുകളിലും നിർബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചു. - സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നട നടി രന്യ റാവു ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണിത്. ഡി.ആർ.ഐ അഡിഷണൽ ഡയറക്ടർക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ കത്തയച്ചത്.
കള്ളക്കേസിൽ കുടുക്കിയതാണെന്നും കേസിൽ നിരപരാധിയാണെന്നുമാണ് രന്യയുടെ വാദം.
'വിമാനത്തിനുള്ളിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു. വിശദീകരണം നൽകാൻ പോലും അവസരം നൽകാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കുന്നതുവരെ, ഉദ്യോഗസ്ഥർ ഉപദ്രവിച്ചു. അവരെ തിരിച്ചറിയാൻ കഴിയും. പതിനഞ്ചോളം തവണ അടിച്ചു. ആവർത്തിച്ച് മർദ്ദിച്ചിട്ടും അവർ നൽകിയ പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചു. പിന്നാലെ കടുത്ത സമ്മർദ്ദമുണ്ടായി. ടൈപ്പ് ചെയ്ത അറുപതോളം പേപ്പറുകളിലും ഒന്നുമെഴുതാത്ത 40ഓളം പേപ്പറുകളിലും ഒപ്പിടാൻ നിർബന്ധിതയായി"-കത്തിൽ പറയുന്നു.
ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുംമുമ്പ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തനിക്കെതിരെ മോശം വാക്കുകളുപയോഗിച്ചെന്ന് രന്യ ആരോപിച്ചിരുന്നു. കസ്റ്റഡിയിലായിരിക്കെ മുഖം വീങ്ങിയിരിക്കുന്ന രന്യയുടെ ചിത്രം വൈറലായിരുന്നു. കസ്റ്റഡിയിൽ ഉപദ്രവിക്കപ്പെട്ടില്ലെന്നായിരുന്നു പ്രതികരണം. കഴിഞ്ഞ നാലിനാണ് സ്വർണക്കടത്ത് കേസിൽ രന്യ അറസ്റ്റിലായത്. ദുബായിൽനിന്ന് ബംഗളൂരുവിലേക്ക് സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |