കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഇങ്ക്വിലാബ് വിളിക്കുകയും പാർട്ടി കൊടികൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വേദിയിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിന് പിന്നാലെയാണ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടികൾ വേദിയിൽ പ്രദർശിപ്പിച്ചത്.
ആചാരങ്ങൾ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. ക്ഷേത്രോത്സവം സി.പി.എമ്മിന്റെ പ്രചാരണ പരിപാടിയാക്കാൻ ശ്രമിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. ക്ഷേത്രങ്ങൾ കൈയേറാനുള്ള സി.പി.എം ശ്രമമാണിതെന്ന് ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ആരോപിച്ചു. ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളവും ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി.
10ന് ഗസൽ ഗായകൻ അലോഷി ആദംസിന്റെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. 'പുഷ്പനെ അറിയാമോ", 'നൂറുപൂക്കളെ" എന്നീ വിപ്ലവ ഗാനങ്ങൾ വേദിയിൽ ആലപിച്ചു. ഇതിനിടെ മുൻകൂട്ടി തയ്യാറാക്കിയ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടികളുടെ ദൃശ്യങ്ങൾ വേദിയിലെ എൽ.ഇ.ഡി സ്ക്രീനിൽ പ്രദർശിപ്പിക്കുകയും സദസിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകർ 'ഇൻങ്ക്വിലാബ് സിന്ദാബാദ്" മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.
സി.പി.എമ്മിന്റെ പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ കടയ്ക്കൽ ഏരിയാ കമ്മിറ്റിയും മടത്തറ യൂണിറ്റ് കമ്മിറ്റിയും ചേർന്നാണ് ഗാനമേള സ്പോൺസർ ചെയ്തത്. ക്ഷേത്രോപദേശക സമിതിയിലും ഉത്സവക്കമ്മിറ്റിയിലും പ്രാദേശിക സി.പി.എം നേതാക്കൾക്കാണ് മുൻതൂക്കം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് ഉപദേശകസമിതി പ്രസിഡന്റ്.
ദേവസ്വം ബോർഡ് വിശദീകരണം തേടി
തിരുവനന്തപുരം: സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ, ജാതി, മത സംഘടനകളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ബാദ്ധ്യസ്ഥരാണ്. ഈ വിധി പാലിക്കാൻ ക്ഷേത്ര ഉപദേശക സമിതികളും ക്ഷേത്ര ജീവനക്കാരും ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.
വിപ്ലവഗാനങ്ങൾ പാടിയതിൽ തെറ്റില്ല. എന്നാൽ പാർട്ടിക്കൊടിയും ചിഹ്നങ്ങളും പ്രദർശിപ്പിച്ചതിനെ ന്യായീകരിക്കുന്നില്ല.
-എസ്.വികാസ്, പ്രസിഡന്റ്,
ക്ഷേത്രോപദേശക സമിതി
സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. പാർട്ടി പതാകകളും ചിഹ്നങ്ങളും പ്രദർശിപ്പിച്ചത് ബോധപൂർവമാണെങ്കിൽ ഉപദേശക സമിതിക്കെതിരെ കർശന നടപടിയെടുക്കും.
-ജെ.ഉണ്ണിക്കൃഷ്ണൻ നായർ,
അസി. ദേവസ്വം കമ്മിഷണർ, പുനലൂർ
സദസിൽ നിന്നുള്ള ആവശ്യപ്രകാരമാണ് വിപ്ലവഗാനങ്ങൾ പാടിയത്. ക്ഷേത്ര ഉപദേശകസമിതി പ്രത്യേകിച്ച് ഗാനങ്ങളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ശ്രോതാക്കൾ ഇഷ്ടപ്പെടുന്നത് പാടുന്നതാണ് ഗായകന്റെ ഉത്തരവാദിത്വം.
- അലോഷി ആദംസ്,
ഗസൽ ഗായകൻ
കേരളത്തിൽ ബി.ജെ.പിയെ സഹായിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണിത്. വിപ്ളവഗാനം പാടാൻ വേറെ സ്ഥലമില്ലേ. ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്.
- വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
താലപ്പൊലിക്ക് ചെഗുവേര!
കണ്ണൂർ: കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ ചെഗുവേരയുടെ കൊടിയും പാർട്ടി ഗാനവും. കഴിഞ്ഞ വർഷം ഇവിടേക്കുള്ള കലശം വരവിൽ പി.ജയരാജന്റെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ഹിന്ദു ആചാരങ്ങളെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാക്കൾ രംഗത്തെത്തി. അതേസമയം കലശംവരവിൽ കാവിക്കൊടിയും ഉയർത്തിയിരുന്നതായി സി.പി.എം പ്രവർത്തകർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |