ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധർ നാശം വരുത്തിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. ഹർത്താൽ സമാധാനപരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.സർക്കാർ ഓഫീസുകൾ തുറന്നില്ല. വെള്ളിയാഴ്ച ക്ഷേത്രത്തിൽ പോയവരാണ് ക്ഷേത്രം തകർത്ത നിലയിൽ കണ്ടെത്തിയത്. വിഗ്രഹവും കൽവിളക്കുകളും മാറ്റിയ നിലയിലും കരിങ്കല്ലിൽ കെട്ടിയ ചുറ്റുമതിൽ തകർത്ത നിലയിലുമാണ് കണ്ടെത്തിയത്.
ക്ഷേത്രം തകർത്തതിൽ പ്രതിഷേധിച്ച് മങ്ങാട്ടുപാറ പ്രകൃതിസംരക്ഷണ സമിതി ഇന്ന് വൈകിട്ട് 6ന് പന്തം കൊളുത്തി പ്രകടനം നടത്തും.ഉഴമലയ്ക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കുര്യാത്തിയിൽ സമാപിക്കും. ക്ഷേത്രത്തിനെതിരെ നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |