ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്.എൻ ട്രസ്റ്റ് ബോർഡംഗവുമായ പ്രീതി നടേശൻ 75ന്റെ നിറവിൽ. ഇന്നലെയായിരുന്നു ജന്മദിനമെങ്കിലും ഇന്നാണ് സകുടുംബം ആഘോഷം. വെള്ളാപ്പള്ളി നടേശന്റെ വിജയങ്ങൾക്കു പിന്നിലെ ശക്തിയായ പ്രീതി നടേശൻ, ശ്രീനാരായണധർമ്മ പ്രചാരണത്തിൽ കാലങ്ങളായി സജീവമാണ്.
ഗുരുദേവകൃതികളെ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രൊഫ. ബാലകൃഷ്ണൻ നായർ, ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിലെ ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ്, അമ്മയുടെ അമ്മാവൻ സ്വാമി മംഗളാനന്ദ തുടങ്ങിയവരിൽ നിന്ന് പകർന്നു കിട്ടിയ അറിവുകളാണ് ശ്രീനാരായണധർമ്മ പ്രചാരണത്തിൽ പ്രീതിയുടെ ഊർജ്ജം.
ഗുരു സാക്ഷാൽ ബ്രഹ്മം എന്ന ആശയം പ്രചരിപ്പിക്കുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പ്രീതി നടേശൻ പറഞ്ഞു. അച്ഛൻ ശാർങ്‌ഗധരൻ നടരാജഗുരുവിന്റെ ശിഷ്യനും അമ്മ സാവിത്രിക്കുട്ടി സാത്വിക പെരുമാറ്റത്തിന്റെ മാതൃകയുമായിരുന്നു. ഇവർക്കൊപ്പം സ്കൂൾ കാലഘട്ടത്തിലെ ബോർഡിംഗ് ജീവിതവും തന്റെ നല്ല ഗുണങ്ങളുടെ അടിത്തറ പാകിയെന്ന് അവർ പറയുന്നു. 17-ാം വയസിലായിരുന്നു വിവാഹം. പ്രായത്തിന്റെ പക്വതക്കുറവ് മനസിലാക്കി തനിക്കൊപ്പം നിന്ന വെള്ളാപ്പള്ളിയോടും അമ്മയോടുമുള്ള സ്നേഹം പ്രീതിയുടെ വാക്കുകളിൽ പ്രകടം.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മകൻ തുഷാർ ജനിച്ചതാണ്. തുഷാറിനും മകൾ വന്ദനയ്ക്കും ശേഷം ഒരു മകൻ കൂടി ജനിച്ചെങ്കിലും ഒന്നര വയസിൽ വെള്ളത്തിൽ വീണ് മരിച്ചത് ഇന്നും മായാത്ത മുറിവായി മനസിലുണ്ട്. വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നതിനോട് തനിക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷെ, സ്വാമി ശാശ്വതികാനന്ദ വീട്ടിലെത്തി 'സ്വാമി ഭിക്ഷ ചോദിക്കുകയാണ്" എന്ന് ആവശ്യപ്പെട്ടതോടെ നിലപാട് മാറ്റേണ്ടിവന്നു. അതൊരു നിയോഗമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. അദ്ദേഹം കൊലപാതകശ്രമം നേരിട്ടതടക്കം പല വെല്ലുവിളികളിലും കരുത്തായി പ്രാർത്ഥനയോടെ ഒപ്പം നിൽക്കാൻ സാധിച്ചു. യോഗത്തിന്റെ ഭാഗമായി നിന്ന്, സ്ത്രീകൾക്കായി മൈക്രോ ഫിനാൻസ് നൽകാനായതും അതുവഴി കുട്ടികൾ മികച്ച വിദ്യാഭ്യാസം നേടി പല ജീവിതങ്ങൾ രക്ഷപ്പെട്ടത് കാണുന്നതും ഏറെ സന്തോഷം പകരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിലും കുടുംബ യൂണിറ്റുകൾ രംഗത്തിറങ്ങണം- പ്രീതി നടേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |