ബംഗളൂരു: സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ രണ്ടാനച്ഛനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിന് നിർബന്ധിത അവധി നൽകിയുളള ഉത്തരവിറക്കി സർക്കാർ. കർണാടക പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ഡിജിപിയാണ് അദ്ദേഹം. രാമചന്ദ്ര റാവുവിന് സ്വർണക്കടത്തുമായുളള ബന്ധത്തെക്കുറിച്ചുളള അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗൗരവ് ഗുപ്തയാണ് കേസിൽ രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കുന്നത്. സ്വർണക്കടത്തിൽ മകളുടെ പങ്കിനെക്കുറിച്ച് അറിയില്ലെന്ന് മുൻപ് തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നു. രന്യ തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും രാമചന്ദ്ര റാവു വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബർ മുതൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്ര റാവു കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. മുൻപും അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വലിയ തോതിൽ പണം പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടപടി നേരിട്ടിരുന്നു.
അതേസമയം, ഡയറക്ടറേറ്റ് റവന്യു ഒഫ് ഇന്റലിജെൻസിന്റെ (ഡിആർഐ) കസ്റ്റഡിയിൽ കഴിയുന്ന രന്യയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കർണാടകയിലെ പ്രത്യേക കോടതി തളളിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങളാണ് നടി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഡിആർഐ അഡിഷണൽ ഡയറക്ടർക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ കത്തയച്ചത്.
ഉദ്യോഗസ്ഥർ പതിനഞ്ച് തവണ അടിച്ചെന്നും ഭക്ഷണം തന്നില്ലെന്നും അനാവശ്യമായി പേപ്പറുകളിൽ ഒപ്പിടിച്ചെന്നുമാണ് നടി കത്തിൽ ആരോപിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു. വിശദീകരണം നൽകാൻ പോലും അവസരം നൽകാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കുന്നതുവരെ, ഉദ്യോഗസ്ഥർ ഉപദ്രവിച്ചു. അവരെ തിരിച്ചറിയാൻ കഴിയും. പതിനഞ്ചോളം തവണ അടിച്ചു. ആവർത്തിച്ച് മർദ്ദിച്ചിട്ടും അവർ നൽകിയ പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചു. പിന്നാലെ കടുത്ത സമ്മർദ്ദമുണ്ടായി. ടൈപ്പ് ചെയ്ത അറുപതോളം പേപ്പറുകളിലും ഒന്നുമെഴുതാത്ത 40ഓളം പേപ്പറുകളിലും ഒപ്പിടാൻ നിർബന്ധിതയായി"-കത്തിൽ പറയുന്നു.
ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുംമുൻമ്പ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തനിക്കെതിരെ മോശം വാക്കുകളുപയോഗിച്ചെന്ന് രന്യ ആരോപിച്ചിരുന്നു. കസ്റ്റഡിയിലായിരിക്കെ മുഖം വീങ്ങിയിരിക്കുന്ന രന്യയുടെ ചിത്രം വൈറലായിരുന്നു. കസ്റ്റഡിയിൽ ഉപദ്രവിക്കപ്പെട്ടില്ലെന്നായിരുന്നു ആദ്യ പ്രതികരണം. കഴിഞ്ഞ നാലിനാണ് സ്വർണക്കടത്ത് കേസിൽ രന്യ അറസ്റ്റിലായത്. ദുബായിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |