ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ദൗത്യം ഇന്നലെയും തുടർന്നു. രാവിലെ ഹെലിപാഡ് ഭാഗത്ത് നിന്നും ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ, എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 30 ഓളം ജീവനക്കാർ ദൗത്യത്തിൽ പങ്കെടുത്തു.
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് ആറിൽ ഹെലിപാഡ് ഭാഗത്ത് നിന്നാണ് തുരത്തൽ ആരംഭിച്ചത്.ഇവിടെ നിന്ന് 18 ഏക്കർ താളിപ്പാറ കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് കയറ്റാനാണ് നീക്കം. ഒരു ആനയെയാണ് ഈ രീതിയിൽ ഇന്നലെ കാട്ടിലേക്ക് കയറ്റിയത്. ദൗത്യം ഇന്നും തുടരും
നാടൻ തോക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഇരിട്ടി:ആറളം ഫാമിലെ നാലാം ബ്ലോക്കിൽ നിന്ന് നാടൻ തോക്കിന്റെ ആറ് അവശിഷ്ടങ്ങൾ വനപാലകർ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുടെ ചിന്നംവിളി കേട്ടതിനെ തുടർന്ന് വനപാലകസംഘം നടത്തിയ പരിശോധനയിലാണ് നാടൻ തോക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് ആറളം പൊലിസ് സ്ഥലത്തെത്തി തോക്കിന്റെ അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |