കരിവെള്ളൂർ:നൂറോളം ദേശീയപതാകകൾ കണ്ട് തെറ്റാതെ ഏതേത് രാജ്യത്തിന്റേതെന്ന് പറയുന്ന ഒരു ആറു വയസ് കാരനുണ്ട്. കരിവെള്ളൂർ പെരളം പുത്തൂർ എ.എൽ.പി സ്കൂളിലെ ഒന്നാം ക്ളാസുകാരൻ കെ.വി.ലിഷാനാണ് ഈ മിടുക്കൻ. ഏത് ഭൂഖണ്ഡത്തിലെയും ഏത് ഏത് രാജ്യത്തിന്റെയും പതാക കാണിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ലിഷാന്റെ മറുപടിയെത്തും.
യൂട്യൂബിലൂടെ ആർജിച്ചെടുത്തതാണ് ഈ കഴിവ്. മാതാപിതാക്കൾ പോലും യാദൃശ്ചികമായാണ് ഇത് മനസിലാക്കിയത്. കുട്ടിയുടെ സ്ക്രീൻ സമയം കുറക്കാനും കാർട്ടൂണുകളടക്കം അധികം കാണാതിരിക്കാനും അമ്മ നിത്യയാണ് ആദ്യം ഈ ആശയം മുന്നോട്ട് വച്ചത്. യൂട്യൂബ് വീഡിയോയിൽ നിന്ന് മകൻ പതാകകൾ തിരിച്ചറിയുന്നത് മനസിലാക്കിയ രക്ഷിതാക്കൾ പതാകയുടെ മാതൃക വാങ്ങി നൽകുകയും ചെയ്തു.പിതാവ് പി.കലേഷ് എൻജിനീയറാണ്. അമ്മ കെ.വി.നിത്യ പുത്തൂർ എ.എൽ.പി സ്കൂളിലെ അദ്ധ്യാപികയും. സഹോദരി കെ.വി.ലിഖിന ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
ഭൂപടമോ, ഇതാ റെഡി !
ലോക ഭൂപടം അഞ്ച് മിനുട്ട് കൊണ്ട് നിർമ്മിക്കാനും ഈ ഒന്നാം ക്ളാസുകാരനെ കൊണ്ട് സാധിക്കും. ഇന്ത്യൻ ഭൂപടം നിർമ്മിക്കാൻ ഒരു മിനുട്ട് പോലും തികച്ച് വേണ്ട. ഇതിനുപുറമെ രാജ്യങ്ങളുടെ ഭൂപടം കണ്ടാൽ ഏത് രാജ്യമാണെന്ന് മനസിലാക്കാനും സാധിക്കും. ഇപ്പോൾ 55 രാജ്യങ്ങളുടെ ഭൂപടങ്ങൾ കണ്ടാൽ 36 സെക്കൻഡിൽ രാജ്യത്തിന്റെ പേരുകൾ പറയാൻ ലിഷാന് സാധിക്കും.
വഴി തെറ്റിക്കില്ല, വഴികാട്ടി !
സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗം മൂലം വഴി തെറ്റുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും അനുഭവങ്ങൾക്കിടയിൽ ലിഷാന്റെ അനുഭവം പാഠമാണ്. കുട്ടികളുടെ മനസിനെ എങ്ങനെ നേർവഴിക്ക് നയിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.
വീട്ടിൽ നിന്നും സ്കൂളിൽ നിന്നും നല്ല പിന്തുണ നൽകുന്നുണ്ട്. കുട്ടികളുടെ സമയം ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ അവരെ നമുക്ക് നേർ വഴിക്ക് നടത്താൻ സാധിക്കും. കെ.വി.നിത്യ (ലിഷാന്റെ അമ്മ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |