804.37 ഏക്കർ ഭൂമി ഉടൻ ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള വികസനത്തിനായി 804.37 ഏക്കർ ഭൂമി ഉടൻ ഏറ്റെടുക്കുമെന്നും കുടിയൊഴിപ്പിക്കുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാലാണ് പാക്കേജ്. ഇതിനായി ശുപാർശ നൽകാൻ കളക്ടറോട് നിർദ്ദേശിച്ചു. സുരക്ഷിതത്വം കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ കാറ്റഗറി 1 ലൈറ്റിംഗിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി ഏറ്റെടുക്കും. ഇതിന് 4.32 കോടി രൂപ അനുവദിച്ചു. പതിനാല് കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കും.
വിമാനത്താവളത്തിന്റെ ഒന്നാംഘട്ടത്തിന് 1113.33 ഏക്കർ ഭൂമി കൈമാറിയിട്ടുണ്ട്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമിയേറ്റെടുക്കണം. ഇതിൽ 21.81ഹെക്ടർ ഭൂമി കിൻഫ്രയ്ക്ക് കൈമാറി. റൺവേയുടെ നീളം 4000 മീറ്ററാക്കാൻ കീഴല്ലൂർ വില്ലേജിലെ 245.33 ഏക്കർ ഭൂമിയേറ്റെടുക്കണം. റൺവേ എക്സ്റ്റൻഷന് 750 കോടിയും പുനരധിവാസത്തിന് 150 കോടിയും ചെലവുണ്ട്. ഇക്കാര്യങ്ങളിൽ സമയബന്ധിതമായ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |