ന്യൂഡൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രകടനത്തിനിടെ സംഘർഷമുണ്ടായ നാഗ്‌പൂരിൽ സ്ഥിതി നിയന്ത്രണ വിധേയം. നാഗ്പൂരിലെ ചിറ്റ്നിസ് പാർക്കിൽ കഴിഞ്ഞ രാത്രി 7:30 ഓടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌റംഗ് ദൾ പ്രവർത്തകർ ഛത്രപതി ശിവാജി മഹാരാജ് പ്രതിമയ്ക്ക് സമീപം നടത്തിയ പ്രകടനത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തികളുണ്ടായെന്ന വ്യാജ പ്രചാരണമാണ് അക്രമത്തിലേക്ക് നയിച്ചത്.
15 പൊലീസുകാർ അടക്കം 33 പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിരുന്നു.അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌താണെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 47 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി യോഗേഷ് കദം അറിയിച്ചു.
സംഘർഷത്തെത്തുടർന്ന് ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരം നാഗ്പൂർ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ ഏർപ്പെടുത്തി. ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖുൽദാബാദിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. മുൻകരുതൽ എന്ന നിലയിൽ ധർമ്മവീർ സംഭാജി മഹാരാജ് പ്രതിഷ്ഠാൻ സംഘടനാ നേതാവ് മിലിന്ദ് എക്‌ബോട്ടെയെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി.
സംഘർഷത്തിനിടെ ഓൾഡ് ഹിസ്ലോപ്പ് കോളേജ് പ്രദേശത്ത് അക്രമികൾ നാല് കാറുകളും വീടുകളും നശിപ്പിച്ചു. കല്ലെറിഞ്ഞ് വീടുകളുടെ ജനാലകൾ തകർത്ത ശേഷം ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച അക്രമികൾ മൂർച്ചയുള്ള ആയുധങ്ങളും വടികളുമായിട്ടാണ് എത്തിയത്. സംഭവം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് എത്തിയതെന്ന പരാതിയുണ്ട്.
മറാത്തക്കാരുടെ
ശത്രു
മറാത്തക്കാരുമായി രണ്ട് പതിറ്റാണ്ടോളം യുദ്ധം ചെയ്യുകയും ഛത്രപതി ശിവജി മഹാരാജിന്റെ മകൻ സാംബാജിയെ വധിക്കുകയും ചെയ്ത ഔറംഗസീബിനെതിരെ മഹാരാഷ്‌ട്രയിൽ നിലനിൽക്കുന്ന ശക്തമായ വികാരമാണ് ശവകുടീരം നീക്കണമെന്ന ആവശ്യത്തിന് പിന്നിൽ. 2022-ൽ മഹാരാഷ്ട്ര സർക്കാർ ഔറംഗാബാദ് ജില്ലയുടെ പേര് ഛത്രപതി സംഭജ്നഗർ എന്ന് പുനർനാമകരണം ചെയ്തിരുന്നു. സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയ 'ഛാവ" എന്ന ബോളിവുഡ് ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്‌തതോടെയാണ് ശവകുടീരത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തിയാർജ്ജിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |