ന്യൂഡൽഹി: പരസ്പര താത്പര്യങ്ങളും തുടർച്ചയായ നിക്ഷേപവുമാണ് ഇന്ത്യ-യു.എസ് ബന്ധത്തിന്റെ പ്രസക്തിയെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് പറഞ്ഞു. ഇന്ത്യയുമായി പ്രതിരോധ സഹകരണം, സൈബർ സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ആഗ്രഹിക്കുന്നുവെന്നും ഡൽഹിയിൽ സംഘടിപ്പിച്ച റെയ്‌സിന ഡയലോഗ് എന്ന സമ്മേളനത്തിൽ തുൾസി പറഞ്ഞു.
അമേരിക്ക ആദ്യം എന്നാൽ അതിൽ അമേരിക്ക മാത്രമല്ല ഉൾപ്പെടുന്നതെന്ന് തുളസി ചൂണ്ടിക്കാട്ടി. പരസ്പര താത്‌പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബന്ധങ്ങൾ നിർണായകമാണ്. അവിടെയാണ് റെയ്സീന സംവാദങ്ങൾ പോലുള്ള ഒത്തുചേരലുകൾ വളരെ പ്രധാനമാകുന്നത്. പുതിയ ഭരണകൂടത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി പങ്കാളിത്തത്തിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്തണം. സുരക്ഷാ-സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തലാണ് പ്രധാന ലക്ഷ്യം.
സുഹൃത്തുക്കളുമായും എതിരാളികളുമായും നേരിട്ട് ഇടപഴകാനും വ്യത്യാസങ്ങൾ പരിഹരിക്കാനും സംഘർഷം തടയാനും നേതാക്കൾക്ക് ധൈര്യം ആവശ്യമാണെന്ന് തുൾസി ചൂണ്ടിക്കാട്ടി. അമേരിക്കൻ ജനതയുടെ സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതുപോലെയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയിലും പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |