ലണ്ടൻ: ബ്രിട്ടണിലെ ഹീത്രോ വിമാനത്താവളം താൽക്കാലികമായി അടച്ചെന്ന അറിയിപ്പുമായി അധികൃതർ. വിമാനത്താവളത്തിന് അടുത്തുളള ഇലക്ട്രിക് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ്. ഇതോടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളെ തുടർന്ന് 24 മണിക്കൂറെങ്കിലും വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളം അടച്ചുപൂട്ടിയത്.
യാത്രക്കാർ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തിൽ എത്തേണ്ടന്നും അസൗകര്യമുണ്ടായതിന് ക്ഷമ ചോദിക്കുന്നതായും അറിയിപ്പിലുണ്ട്. പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ അധികൃതർ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ് റഡാറിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 120 വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രോ. ദിവസം രണ്ടര ലക്ഷം ആളുകളാണ് ഇവിടെ എത്തുന്നത്. ലോകത്തെ 180 കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ദിവസം 1400 സർവീസുകൾ ഹീത്രോയിൽ നടക്കുന്നുണ്ടെന്നാണ് വിവരം.
വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലത്തിലാണ് തീപിടിച്ച ഇലക്ട്രിക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മേഖലയിൽ പത്ത് ഫയർ എഞ്ചിനുകളെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ വെസ്റ്റ് ലണ്ടനിലെ ആയിരക്കണക്കിന് വീടുകളിലെ വൈദ്യുത ബന്ധം തടസപ്പെട്ടിരിക്കുകയാണ്. ഇത് പ്രാദേശിക വ്യവസായത്തെയും ബാധിക്കുന്നതയാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തോടെ ലണ്ടനിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |