വാഷിംഗ്ടൺ: അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. മാർച്ച് 21 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജോർജ് ഫോർമാന്റെ വിയോഗത്തിൽ തങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണെന്നും ഒളിമ്പ്യൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും കുടുംബം കുറിച്ചു.
1968ലെ മെക്സിക്കോ ഒളിംപിക്സിൽ അമേരിക്കയ്ക്കായി സ്വർണ മെഡൽ നേടിയിട്ടുണ്ട്. രണ്ടുവട്ടം ഹെവിവെയ്റ്റ് ലോകചാമ്പ്യനുമായിരുന്നു അദ്ദേഹം. 19 വയസുള്ളപ്പോൾ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തിൽ ഹെവിവെയ്റ്റ് സ്വർണമെഡൽ നേടി. 'ബിഗ് ജോർജ്' എന്നറിയപ്പെട്ട ഫോർമാൻ ഹെവിവെയ്റ്റ് കരിയറിലെ 81 മത്സരങ്ങളിൽ 76 ജയം നേടിയിട്ടുണ്ട്. 1973ലാണ് ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യൻ പട്ടം നേടുന്നത്. 1974 റംബിൾ ഇൻ ദ ജംഗിൾ എന്നറിയപ്പെടുന്ന വിഖ്യാത മത്സരത്തിൽ മുഹമ്മദലിയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. 1949 ജനുവരി 10ന് ടെക്സാസിലെ മാർഷലിലാണ് ജനനം. 1997ലായിരുന്നു ഫോർമാന്റെ അവസാന മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |