ലാഭവിഹിതത്തിൽ ഇത്തവണ 33 ശതമാനം വർദ്ധന
2023-24 വർഷത്തെ ബാങ്കുകളുടെ ലാഭം 1,41,203 കോടി രൂപ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്കുള്ള പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതം 33 ശതമാനം വർദ്ധിച്ച് 27,830 കോടി രൂപയിലെത്തി. മുൻവർഷം ഓഹരി ഉടമകളുടെ ലാഭവിഹിതം 20,964 കോടി രൂപയായിരുന്നു. മൊത്തം ലാഭവിഹിതത്തിന്റെ 65 ശതമാനം തുകയായ 18,013 കോടി രൂപ ഭൂരിപക്ഷ ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ലഭിച്ചത്. മുൻവർഷം 13,804 കോടി രൂപ ലാഭവിഹിതമായി ഖജനാവിൽ എത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) ഉൾപ്പെടെ ഉയർന്ന ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12 പൊതുമേഖല ബാങ്കുകളുടെ അറ്റാദായം 1.41 ലക്ഷം കോടി രൂപയായതാണ് ലാഭവിഹിതവും കൂട്ടിയത്. മുൻവർഷമിത് 1.05 ലക്ഷം കോടി രൂപയായിരുന്നു. സാമ്പത്തിക മേഖലയിലെ ഉണർവും പലിശ വരുമാനത്തിലെ വർദ്ധനയും കിട്ടാക്കടങ്ങൾ കുറഞ്ഞതുമാണ് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ പൊതുമേഖല ബാങ്കുകൾക്ക് കരുത്തായത്. 2017-18 വർഷത്തിൽ കനത്ത നഷ്‌ടവും കിട്ടാക്കടവും മാനേജ്‌മെന്റ് പാളിച്ചകളും മൂലം പൊതുമേഖല ബാങ്കുകൾ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.
ലാഭക്കുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകൾ കൈവരിച്ച മൊത്തം അറ്റാദായത്തിന്റെ 40 ശതമാനം വിഹിതം എസ്.ബി.ഐയുടേതാണ്. ഇക്കാലയളവിൽ എസ്.ബി.ഐയുടെ അറ്റാദായം മുൻവർഷത്തെ 50,232 കോടിയിൽ നിന്ന് 61,077 കോടി രൂപയായി ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ അറ്റാദായം 228 ശതമാനം ഉയർന്ന് 8,245 കോടി രൂപയിലെത്തി.
അനുകൂല സാഹചര്യങ്ങൾ
1. നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളുടെ വരുമാനം ഗണ്യമായി വർദ്ധിച്ചു
2. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തന ചെലവ് കുറച്ചതും വായ്പാ വിതരണം കാര്യക്ഷമമാക്കിയതും ഗുണമായി
3. മാനേജ്‌മെന്റും ഡയറക്‌ടർ ബോർഡും പ്രൊഫഷണലൈസ് ചെയ്തതോടെ സ്വകാര്യ മേഖലയുമായുള്ള മത്സരം ശക്തമായി
4. റിസർവ് ബാങ്ക് മേൽനോട്ടവും ഇടപെടലുകളും കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികളുംഅനുകൂലമായി
നടപ്പുവർഷവും തിളക്കമേറുന്നു
നടപ്പുവർഷം ആദ്യ ഒൻപത് മാസക്കാലയളവിൽ 12 പൊതുമേഖല ബാങ്കുകളുടെ മൊത്തം അറ്റാദായം 1.29 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവിൽ അറ്റ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |