തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കേരളത്തിൽ ബിജെപി ലക്ഷ്യമിടുന്നത് പുതിയ രാഷ്ട്രീയ പരീക്ഷണം. സംസ്ഥാന നേതൃത്വത്തിലെ പ്രബല നേതാക്കളെ ഒഴിവാക്കി രാജീവിനെ ഇറക്കണമെങ്കിൽ കേന്ദ്രം മനസിൽ കാണുന്നത് കൃത്യമായ പദ്ധതികളാണ്. എന്നാൽ സംഘപരിവാർ പശ്ചാത്തലമോ, മുന്നണി രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ ഒട്ടും വശമില്ലെന്നും കരുതുന്ന രാജീവിന് കേരളം എത്രമാത്രം വെല്ലുവിളി സൃഷ്ടിക്കുമെന്ന് കണ്ടറിയണം. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ്, കേരളത്തിലെ നേതാക്കൾക്കിടെയിലെ ഗ്രൂപ്പ് പോര് അടക്കം രാജീവ് നേരിടേണ്ട വെല്ലുവിളികൾ എന്തൊക്കെയാവും?
പികെ കൃഷ്ണദാസ്- വി മുരളീധര പക്ഷത്തിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണ് രാജീവ് അദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും തടസം നിൽക്കുന്നത് നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോരാണെന്ന് കേന്ദ്ര നേതൃത്വത്തിന് കൃത്യമായ ബോദ്ധ്യമുണ്ട്. ഇരുപക്ഷത്ത് നിന്ന് ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ ഇതിന് ഒരു കുറവുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആ സാചര്യത്തിലാണ് രാജീവിനെ തലപ്പത്തേക്ക് നിയോഗിച്ചത്. എന്നാൽ ഇരു ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നത് രാജീവിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒന്നാണ്.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളാണ് രാജീവിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയവും വോട്ട് വിഹിതത്തിലെ വർദ്ധനയും തന്റെ കഴിവാണെന്ന് വിശ്വസിച്ചാണ് കെ സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ഇനി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേതാക്കളെ ഏകോപിപ്പിച്ച് നേട്ടമുണ്ടാക്കേണ്ടത് രാജീവിന്റെ ചുമതലയാണ്. എന്നാൽ ജില്ലാ നേതാക്കളുമായോ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായോ രാജീവിന് അടുത്ത പരിചയമോ സമ്പർക്കമോ ഇല്ല. ഈ പോരായ്മകളെ അതിജീവിച്ച് വേണം രാജീവിന്റെ കേരളത്തിലെ പ്രവർത്തനം.
കർണാടകത്തിൽ നിന്ന് സ്വതന്ത്രനായി രാജ്യസഭയിലെത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം തുടങ്ങുന്നത്. കേരളത്തിൽ സംസ്ഥാന നേതൃത്വത്തിൽ എത്തിയ നേതാക്കൾക്ക് ഉണ്ടാകുന്ന രാഷ്ട്രീയ പ്രവർത്തന മേഖല രാജീവിനില്ല. സംഘപരിവാർ സംഘടനകളുമായോ ആർഎസ്എസുമായോ അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാൻ രാജീവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെത്തിയ രാജീവിന് മുന്നണി രാഷ്ട്രീയത്തിലെ പരിചയക്കുറവും വെല്ലവിളി സൃഷ്ടിച്ചേക്കും. എന്നാൽ എല്ലാ പോരായ്മകളെയും പെട്ടെന്ന് മറികടക്കാനുള്ള രാജീവിന്റെ കഴിവാണ് പിന്തുണയ്ക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണുന്നത്.
ന്യൂജെൻ നേതാക്കൾ മുന്നിൽ വരണം
പതിവ് ബി.ജെ.പി, സംഘപരിവാർ മുഖങ്ങളെ മാറ്റിവച്ച് അരാഷ്ട്രീയ പ്രതിച്ഛായയുള്ളവരെയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്. വികസനമായിരുന്നു മുഖ്യപ്രചാരണവിഷയം. 11 നിയമസഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് 19 നിയമസഭ മണ്ഡലങ്ങളിലാണ് ഒന്നാംസ്ഥാനം നിലനിറുത്താനായത് എന്ന് അറിയുമ്പോഴേ ഇതിന്റെ പ്രാധാന്യം വ്യക്തമാകൂ. പാർട്ടിക്ക് 4% വോട്ട് കൂടുതൽ കിട്ടാനും തൃശൂരിൽ വിജയിക്കാനും ആലപ്പുഴ,ആറ്റിങ്ങൽ മണ്ഡലങ്ങളിൽ 11% വോട്ട് കൂടുതൽ നേടാനും സഹായിച്ചു. രാജീവ് ചന്ദ്രശേഖർ മത്സരിച്ച തിരുവനന്തപുരത്ത് രണ്ടാംസ്ഥാനത്തെത്തി
ഇടതുമുന്നണി വിജ്ഞാനവികസന സങ്കൽപങ്ങളിലേക്കും വ്യവസായകുതിപ്പിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യു.ഡി.എഫിൽ ശശിതരൂരിനെപ്പോലെ ന്യൂജെൻ നേതാക്കളെ മുന്നിൽ നിറുത്തണമെന്ന വാദംശക്തമാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയസമീപനവും ഹൈടെക് പ്രതിച്ഛായയുമുള്ള രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്.
തൃശൂർ ദേശമംഗലം സ്വദേശിയും മുൻവ്യോമസേനാ ഉദ്യോഗസ്ഥനുമായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ൽ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റി. ബി.പി.എൽ സ്ഥാപകൻ ടി.പി.ജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. മക്കൾ: വേദ്,വേദിക. ടെലികോം മേഖലയിലേക്ക് ബി.പി.എല്ലിനെ നയിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. 2006 മുതൽ കർണാടകയിൽനിന്ന് തുടർച്ചയായി മൂന്നു തവണ രാജ്യസഭയിലെത്തി. 2021മുതൽ 2024വരെ കേന്ദ്രസഹമന്ത്രിയായിരുന്നു. കേരള എൻ.ഡി.എയുടെ വൈസ് ചെയർമാനായും ബി.ജെ.പി ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |