തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന വയനാട് ടൗൺഷിപ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ നൽകുന്ന 100 വീടിന്റെ ധാരണപത്രവും തുകയും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വീടാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നത്. അത് നൂറാക്കി ഉയർത്തിയത് മാതൃകാപരമാണ്. ഒരു വീടിന് 20 ലക്ഷമെന്നാണ് സർക്കാർ കണക്കാക്കിയത്. 27ന് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നടക്കും. അർഹതയുള്ളവരെ മുഴുവൻ പുനരധിവസിപ്പിക്കും. സ്‌പോൺസർമാരിൽ പലരെയും ബന്ധപ്പെടുന്നുണ്ട്. വീടുകൾക്ക് ഭദ്രത ഉറപ്പാക്കും. പ്രളയത്തിലും കൊവിഡിലുമെല്ലാം കാട്ടിയ ക്രൂര അവഗണന കേന്ദ്രം തുടരുന്നു. ചില ദുഷ്ട മനസുകൾ നാടങ്ങ് തകർന്നു പോകട്ടെയെന്ന് ചിന്തിച്ചു. അനിതര സാധാരണമായ ഒരുമയും ഐക്യവും കാട്ടിയ നാട് അതെല്ലാം അതിജീവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട് നിർമാണത്തിനായി 'നമ്മൾ വയനാട്' ക്യാമ്പയിനി'ലൂടെ ജനകീയമായി സമാഹരിച്ച 20 കോടി രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും വണ്ടി കഴുകിയും മീൻ വിറ്റുമെല്ലാം പണം സമാഹരിച്ചു. യുവതയുടെ നിശ്ചയദാർഢ്യത്തിനും അധ്വാനത്തിനും മലയാളി സമൂഹവും പിന്തുണ നൽകി. ആഭരണങ്ങളും ബൈക്കും വിവാഹത്തിനായി മാറ്റിവച്ച തുകയും നാട്ടുകാർ നൽകി. കുട്ടികൾ കുടുക്ക പൊട്ടിച്ചും വിദ്യാർഥികൾ ഫെലോഷിപ് തുക കൈമാറിയും പിന്തുണക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഉദ്യമത്തിനായി സ്വർണ്ണാഭരണം നൽകിയ വട്ടിയൂർക്കാവ് വിനീത് ഭവനിൽ വിനീത്- അപർണ ദമ്പതികളുടെ മക്കൾ കൺമണിയേയും വൈഭവിനേയും വേദിയിലേക്ക് വിളിച്ച് മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഈ സർക്കാരിന്റ കാലാവധി പൂർത്തിയാക്കും മുമ്പ് അർഹതപ്പെട്ട എല്ലാവർക്കും വീടും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി കെ.രാജൻ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് അധ്യക്ഷനായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആർ കേളു, സി.പി.എം ജില്ലാ സെക്രട്ടറി വി ജോയി എം.എൽ.എ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എം.പി, കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ, മേയർ ആര്യ രാജേന്ദ്രൻ, എം.വിജയകുമാർ, ചിന്ത ജെറോം തുടങ്ങിയവർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |