തിരുവനന്തപുരം: ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത പെരിന്തൽമണ്ണയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ വിഘ്നേഷ് പുത്തൂരാണ് ഇപ്പോൾ ഐ.പി.എല്ലിലെ സ്റ്റാർ. ആഭ്യന്തരക്രിക്കറ്റിലെ അനുഭവസമ്പത്തിന്റെ അകമ്പടിയില്ലാതെ മുംബയ് ഇന്ത്യൻസിന്റെ കുപ്പായത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്നുവിക്കറ്റുകൾ വീഴ്ത്തി അരങ്ങേറിയ 23കാരൻ വിഘ്നേഷ് ഈ വിജയത്തിലേക്കെത്തിയത് നിരവധി വിഘ്നങ്ങൾ മറികടന്നാണ്.
വിലകൂടിയ ക്രിക്കറ്റ്കിറ്റ് വാങ്ങിനൽകാൻ പിതാവിന് കഴിയില്ലെന്ന് മനസിലാക്കി, ബാറ്ററാകണമെന്ന മോഹം മാറ്റിവച്ച് ബൗളറായതാണ് വിഘ്നേഷ്. ശാരീരികക്ഷമത അളക്കുന്ന 'യോ യോ" ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ വർഷം കേരളത്തിന്റെ അണ്ടർ 23 ടീം സെലക്ഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഘ്നേഷ് ഇനിയും കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ല.
ചെറുപ്രായത്തിലേ ആസ്ത്മയുള്ളതിനാൽ കഠിനമായ ശാരീരികഅദ്ധ്വാനവും പൊടിയും പ്രയാസമായതിനാലാണ് യോ യോ ടെസ്റ്റ് കടക്കാനാതിരുന്നത്. ക്രിക്കറ്റിൽ അപൂർവമായ ചൈനാമാൻ സ്പിന്നറായിട്ടും വിഘ്നേഷിനെ വേണ്ടെന്നായിരുന്നു കേരള സെലക്ടർമാരുടെ നിലപാട്. ഒടുവിൽ അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിലെത്തിയപ്പോഴും പാര!. ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തുവെന്ന് മുംബയ് ഇന്ത്യൻസിന്റെ പരിശീലകരിലൊരാൾക്ക് കേരളത്തിൽ നിന്നൊരു ഫോൺകാൾ. പക്ഷേ ആ വിഘ്നങ്ങളൊക്കെയും വിധിക്കുമുന്നിൽ വഴിമാറി.
ഒരൊറ്റ പന്തിൽ തുറന്ന അവസരം
കഴിഞ്ഞ ഓണക്കാലത്ത് കാര്യവട്ടത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസ് ടീമിലായിരുന്നു വിഘ്നേഷ്. റിപ്പിൾസിന്റെ ഒൻപത് മത്സരങ്ങളിൽ വിഘ്നേഷിന് അവസരം ലഭിച്ചത് മൂന്ന് കളികളിൽ മാത്രം. ആകെ എറിഞ്ഞത് 42 പന്തുകൾ. രണ്ട് വിക്കറ്റുകളേ വീഴ്ത്താനായുള്ളൂ. എന്നാൽ പുതിയ താരങ്ങളെ കണ്ടെത്താൻ കാര്യവട്ടത്തെത്തിയ മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ട് പരിശീലകന്റെ മനസിൽ വിഘ്നേഷ് എറിഞ്ഞ ഒരൊറ്റ പന്ത് പതിഞ്ഞു.
ഐ.പി.എൽ ടീം സെലക്ഷൻ ട്രയൽസിനുവേണ്ടി മുംബയ്‌യിലെത്താൻ ക്ഷണം. അവിടെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പയ്യന്റെ പന്തേറിൽ ഇംപ്രസ്ഡായതോടെ താരലേലത്തിലൂടെ ടീമിലെത്തി. എങ്കിലും ആദ്യ മത്സരത്തിൽ കളിക്കാമെന്ന് കരുതിയില്ല. പക്ഷേ കഴിഞ്ഞരാത്രി കഥമാറി. മത്സരം കഴിഞ്ഞ് സാക്ഷാൽ ധോണിവരെ പുറത്തുതട്ടി അഭിനന്ദിച്ചു. മുംബയ് ഇന്ത്യൻസ് ടീം ഉടമ നിത അംബാനി മത്സരത്തിലെ മികച്ച കളിക്കാരനുള്ള മെഡലും വിഘ്നേഷിന് ചാർത്തിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |