ന്യൂഡൽഹി ; റംസാനോട് അനുബന്ദിച്ച് രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലിങ്ങൾക്ക് കിറ്റു നൽകാൻ ബി.ജെ.പി. 'സൗഗത് ഇ മോദി" ക്യാമ്പെയിനിന്റെ ഭാഗമായാണ് ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തുന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി നീക്കം. ഡൽഹിയിലെ നിസാമുദ്ദീനിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ ക്യാമ്പെയിന് തുടക്കം കുറിച്ചു.
ഭക്ഷ്യവസ്തുക്കൾക്കൊപ്പം വസ്ത്രങ്ങൾ, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്സ്, പഞ്ചസാര എന്നിവ കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ കിറ്റിലും 600 രൂപ വരെയുള്ള സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തിലെ 32 ലക്ഷം ദരിദ്രരെ തിരിച്ചറിയുന്നതിനും അവർക്ക് സഹായം നൽകുന്നതിനുമായി ബി.ജെ.പി പ്രവർത്തകർ 32000 പള്ളികളുമായി ബന്ധപ്പെടും. ദുഃഖവെള്ളി, ഈസ്റ്റർ ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ഭാഗമാകാനും ന്യൂനപക്ഷ മോർച്ചയ്ക്ക് പദ്ധതിയുണ്ട്. സൗഗത് ഇ മോദി പദ്ധതി വഴി ഈ ദിനങ്ങളിലും കിറ്റ് വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു. നേരത്തെ ക്രൈസ്തവ ഭവനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ കേക്കുകൾ വിതരണം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |