പെൻഷൻകാരെ വിരമിക്കൽ തീയതി വച്ച് തരം തിരിക്കും
ന്യൂഡൽഹി:ആറാം ശമ്പള കമ്മിഷനിലേതു പോലെ എട്ടാം ശമ്പള കമ്മിഷൻ ശുപാർശയിലും
പെൻഷൻകാരെ വിരമിക്കൽ തീയതി വച്ച് തരം തിരിക്കാനുള്ള ദേദഗതി ഉൾപ്പെടുത്തി ധനകാര്യ ബിൽ ലോക്‌സഭയിൽ പാസാക്കി.പെൻഷൻകാരോട് വിവേചനം പിടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാനാണിത്.
ശമ്പള കമ്മീഷൻ ശുപാർശകൾ എന്നു നടപ്പാക്കണമെന്ന് തീരുമാനിക്കാനുളള വിവേചനാധികാരം നൽകുന്ന ഭേദഗതിയുമുണ്ട്. എട്ടാം ശമ്പള കമ്മിഷന്റെ ആനുകൂല്യം പഴയ പെൻഷൻകാർക്ക് നിഷേധിക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയും ബില്ലിൻമേലുള്ള വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്‌തു.
2008 മാർച്ചിൽ അന്നത്തെ യു.പി.എ സർക്കാർ അംഗീകരിച്ച ആറാം ശമ്പള കമ്മിഷനിലെ വ്യവസ്ഥകൾ കോടതി ഇടപെടൽ മൂലം നടപ്പായില്ലെന്നും 17 വർഷത്തിന് ശേഷം അതാണ് തിരികെ കൊണ്ടുവരുന്നതെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദീകരിച്ചു. നേരത്തെ ബില്ലിൻമേലുള്ള ചർച്ചയ്‌ക്കിടെ കോൺഗ്രസിലെ കെ.സി. വേണുഗോപാലും ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനും പെൻഷൻകാരെ തരം തിരിക്കാനുള്ള ഭേദഗതി ഗൂഢലക്ഷ്യത്തോടെ ആണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ധനമന്ത്രി പറഞ്ഞത് ഏഴാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ 2016 ജനുവരി ഒന്നിന് മുൻപും ശേഷവും വിരമിച്ചവർക്ക് പെൻഷൻ തുല്യത വരുത്തിയെന്നാണ്.
എൻ.കെ.പ്രേമചന്ദ്രൻ അടക്കം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയും ഓൺലൈൻ പരസ്യങ്ങൾക്ക് 6 ശതമാനം ഡിജിറ്റൽ നികുതി നിറുത്തലാക്കുന്നത് ഉൾപ്പെടെ സർക്കാർ കൊണ്ടുവന്ന 35 ഭേദഗതികൾ അംഗീകരിച്ചുമാണ് ധനകാര്യ ബിൽ പാസാക്കിയത്. ബിൽ രാജ്യസഭയും അംഗീകരിക്കുന്നതോടെ 2025-26 ലെ ബഡ്‌ജറ്റ് പ്രക്രിയ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |