കോട്ടയം: സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നടന്നത് കൊടുംക്രൂരതയാണെന്നും ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അഞ്ച് പ്രതികളാണുള്ളത്. സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻവി വിവേക്, റിജിൽ ജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. നാല് മാസത്തോളമാണ് പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. വിദ്യാർത്ഥികൾ വേദനകൊണ്ട് പുളയുന്നത് കണ്ട് പ്രതികൾ ആനന്ദിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. പ്രതികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്തി. കൂടാതെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും റാഗിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ കിട്ടി.
റാഗിംഗിനെക്കുറിച്ച് ഹോസ്റ്റൽ അധികൃതരോ, കോളേജ് അധികൃതരോ അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 42 സാക്ഷികളാണുള്ളത്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരായ വിദ്യാർത്ഥികളോട് പ്രതികൾ നിരന്തരം പണം വാങ്ങിയിരുന്നു.
ഫെബ്രുവരി പതിനൊന്നിന് രാത്രിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടാം തീയതി അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോട്ടയം എസ് പി ഷാഹുൽ ഹമീദ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |