കൊച്ചി: പ്രതീക്ഷിച്ചതിന് വിപരീതമായി ഇന്ത്യയ്‌ക്ക് ഇളവുകളോടെ പകരച്ചുങ്കം ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം മാത്രം തീരുവയായിരിക്കും മുന്നറിയിപ്പ് എന്ന രീതിയിൽ ഇന്ന് മുതൽ ഈടാക്കുക.
നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ തീരുവ വർദ്ധന ഭീഷണി നേരിടാൻ ഇന്ത്യ പുതുതന്ത്രങ്ങൾ മെനയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കേ, കയറ്റുമതി സംഘടനകളും മറ്റു ബാധിത വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി. ട്രംപിന്റെ അധിക ചുങ്കം ആഭ്യന്തര വ്യവസായ മേഖലയെ ബാധിക്കാത്ത വിധം നയങ്ങളിൽ മാറ്റം വരുത്താനും പുതിയ വിപണികൾ കണ്ടെത്താനുമാണ് വാണിജ്യ മന്ത്രാലയം ആലോചിക്കുന്നത്.
അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായി ഉയർത്താൻ ലക്ഷ്യമിട്ട് ഫെബ്രുവരി രണ്ടാം വാരം ആരംഭിച്ച ചർച്ചകൾ ഊർജിതമായി മുന്നോട്ടുപാേകുന്നതിനാൽ, ട്രംപിന്റെ നടപടികൾ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാൻ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വൈദ്യുതി വാഹനങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ
കൊച്ചി: അമേരിക്കയുമായി വ്യാപാര കരാർ യഥാർത്ഥ്യമാക്കുന്നതിനായി വൈദ്യുതി വാഹനങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യത്തെ വൻകിട വാഹന നിർമ്മാണ കമ്പനികളുടെ സമ്മർദ്ദം മറികടന്നാണ് പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്ഥനും സാമ്പത്തിക അച്ചടക്ക വകുപ്പ് തലവനുമായ ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് അനുകൂലമാകുന്നതും ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നതുമാണ് ഈ നീക്കം.
തീരുവ കുറയ്ക്കാനുള്ള തീരുമാനം നാല് വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് ഇന്ത്യൻ കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. നിലവിൽ വൈദ്യുതി വാഹനങ്ങൾക്ക് നൂറ് ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്.
വിപണികളിൽ ആശ്വാസം
ട്രംപിന്റെ പകരച്ചുങ്കം ഇന്ത്യൻ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിമിതമാകുമെന്ന വിലയിരുത്തലിൽ ഇന്നലെ ഇന്ത്യൻ വിപണികൾ ശക്തമായി തിരിച്ചുകയറി. സെൻസെക്സ് 592.93 പോയിന്റ് ഉയർന്ന് 76,617.44ൽ അവസാനിച്ചു. നിഫ്‌റ്റി 166.65 പോയിന്റ് നേട്ടവുമായി 23,332.35ൽ എത്തി. ആഗോളതലത്തിൽ ഓഹരി വിപണികൾ പലതും കനത്ത തിരിച്ചടി നേരിട്ടപ്പോഴാണ് ഇന്ത്യൻ സൂചികകൾ ശക്തമായി തിരിച്ചുകയറിയത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായിരുന്നെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായില്ല. ഇന്നലെ ഡോളറിനെതിരെ രൂപ രണ്ട് പൈസ നഷ്‌ടവുമായി 85.49ൽ അവസാനിച്ചു. സ്വർണത്തിന്റെ വിലയിലും ഇന്നലെ മാറ്റമുണ്ടായില്ല.
50,000 കോടി ഡോളർ:
2030ൽ ഇന്ത്യയും അമേരിക്കയും
ലക്ഷ്യമിടുന്ന വ്യാപാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |