വിക്കറ്റ് കീപ്പറാകാൻ ബി.സി.സി.ഐ അനുമതി,രാജസ്ഥാൻ നായക സഥാനത്ത് തിരിച്ചെത്തും
ബെംഗളൂരു: മലയാളി താരം സഞ്ജു സാംസണിന് ഐ.പി.എല്ലിൽ വിക്കറ്റ് കീപ്പിംഗിന് അനുമതി നൽകി ബി.സി.സി.ഐ. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ നടത്തിയ ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമാണ് അനുമതി ലഭിച്ചത്. ഇതോടെ
രാജസ്ഥാൻ റോയൽസിന്റെ കീപ്പറായും ക്യാപ്ടനായും സഞ്ജു തിരിച്ചെത്തും. ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ കഴിയാത്തതിനാൽ സഞ്ജു ഇംപാക്ട് പ്ളേയറായി ബാറ്റിംഗിന് മാത്രമാണ് ഇറങ്ങിയിരുന്നത്. റിയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പ് ചെയ്തു.
ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ജൊഫ്ര ആർച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന് വിരലിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ബാറ്റിംഗിന് ഇറങ്ങാൻ മാത്രമാണ് ഐ.പി.എല്ലിന്റെ തുടക്കത്തിൽ അനുമതി ലഭിച്ചത്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ 66 റൺസ് നേടിയ സഞ്ജു കൊൽക്കത്തയ്ക്ക് എതിരെ 13 റൺസും ചെന്നൈയ്ക്ക് എതിരെ 20 റൺസുമാണ് നേടിയത്.
ശനിയാഴ്ച പഞ്ചാബ് കിംഗ്സിനെതിരെ നടക്കുന്ന രാജസ്ഥാന്റെ നാലാം മത്സരത്തിൽ സഞ്ജു നായകകുപ്പായത്തിൽ തിരിച്ചെത്തും.മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രം നേടാനായ രാജസ്ഥാൻ രണ്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്താണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |