കൊച്ചി: രണ്ട് ലക്ഷം മാസ ശമ്പളത്തോടെ ഹോങ്കോംഗിൽ ജോലി വാഗ്ദാനം. എന്നാൽ, എത്തിച്ചത് ബാങ്കോക്കിലെ ഓൺലൈൻ സെക്‌സ് റാക്കറ്റിൽ. ഇടപ്പള്ളിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട മലയാളി യുവാക്കൾക്ക് വിദേശത്ത് നേരിടേണ്ടിവന്നത് അതിക്രൂര മർദ്ദനവും മാനസിക പീഡനവും.
മാസങ്ങളോളം ദുരിതമനുഭവിച്ച യുവാക്കൾ രക്ഷപ്പെട്ടത് ഒന്നര ലക്ഷം രൂപയും സ്വർണമോതിരവും വരെ മോചനദ്രവ്യം നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പെരുമ്പാവൂർ, ആലുവ, എറണാകുളം സ്വദേശികളുടെ പരാതിയിലാണ് അന്വേഷണം. ഇവരെക്കൂടാതെ രണ്ടുപേർ കൂടി ചതിയിൽപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് പൊലീസ് റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയും ജീവനക്കാരുമടക്കം ആറുപേരെ പ്രതിചേർത്ത് കേസെടുത്തത്.
കഴിഞ്ഞവർഷം മേയിലാണ് യുവാക്കളെ ബാങ്കോക്കിൽ എത്തിച്ചത്. ഹോങ്കോംഗിലും ന്യൂസിലാൻഡിലും വെയർഹൗസ് അസിസ്റ്റൻഡ് ജോലി വാഗ്ദാനം ചെയ്തതാണ് യുവാക്കളെ വീഴ്ത്തിയത്. പ്രതിമാസം രണ്ടു ലക്ഷം രൂപയ്ക്ക് ഓവർ ടൈം എടുത്ത് മൂന്നു ലക്ഷം വരെ സമ്പാദിക്കാമെന്നും പറഞ്ഞു പറ്റിച്ചു. ഒരാളിൽ നിന്ന് ഒൻപതു മുതൽ ഏഴേ മുക്കാൽ ലക്ഷം വീതം കൈക്കലാക്കി.
കേസിലെ മൂന്നും നാലും പ്രതികളാണ് യുവാക്കളെ ബാങ്കോക്കിൽ എത്തിച്ചത്. ഹോങ്കോംഗിലേക്കും ന്യൂസിലാൻഡിലേക്കും പോകുന്നതിന് നിയമതടസമുണ്ടെന്നും ബാങ്കോക്കിൽ ഇതേ ജോലി തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് സെക്‌സ് റാക്കറ്റിന് യുവാക്കളെ കൈമാറുകയായിരുന്നു. റാക്കറ്റിന് വേണ്ടി ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ക്രൂരമായി തല്ലിച്ചതച്ചു.
ഇവരുടെ നഗ്നചിത്രങ്ങളും റാക്കറ്റ് പകർത്തി. ഇവ ബന്ധുക്കൾക്ക് കൈമാറുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ വന്നതോടെ മോചനദ്രവ്യം നൽകാൻ ഇവർ തയ്യാറായത്. ഏതാനും മാസം മുമ്പ് ഇവർ നാട്ടിലെത്തിയെങ്കിലും നേരിട്ട ദുരിതം ഇവർ പുറത്തുപറഞ്ഞിരുന്നില്ല. റിക്രൂട്ട്മെന്റ് ഏജൻസി പണം തിരികെ നൽകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നിൽ തമിഴ്നാട് സ്വദേശി
തമിഴ്നാട് സ്വദേശിക്കായാണ് ഏജൻസി റിക്രൂട്ടിംഗ് നടത്തിയത്. പണം കൈക്കലാക്കിയശേഷം ഇയാൾ മുങ്ങിയെന്നാണ് യൂറോ സ്കൈ വേൾഡ് ഏജൻസി ഉടമ എം.സി. ജേക്കബിന്റെ മൊഴി. തങ്ങൾക്ക് ലഭിച്ച തുക യുവാക്കൾക്ക് തിരികെ നൽകിയെന്നാണ് ഏജൻസിയുടെ വിശദീകരണം. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഏജൻസി പൂട്ടിപ്പോയിരുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു. പ്രതികളുടെ മൊഴികൾ വൈകാതെ രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |