ഗാന്ധിനഗർ: ആ പറക്കലിൽ തന്റെ ജീവൻ സിദ്ധാർത്ഥിന്റെ മനസിലുണ്ടായിരുന്നില്ല. രക്ഷപ്പെടാൻ വഴിയുണ്ടായിരുന്നിട്ടും താഴെക്കാണുന്ന നിരപരാധികളും ഒപ്പമുള്ള സഹപ്രവർത്തകനുമായിരുന്നു ഉള്ളുനിറയെ. വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്ന് കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവിന്റെ (28) കരുതലിന് രാജ്യത്തിന്റെ ബിഗ് സല്യൂട്ട്.
ഗുജറാത്തിലെ ജാംനഗറിൽ ബുധനാഴ്ചയായിരുന്നു അപകടം. 12 ദിവസം മുമ്പായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹ നിശ്ചയം. നവംബർ രണ്ടിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അവധിക്ക് ശേഷം ജോലിക്കെത്തിയ ദിവസമായിരുന്നു അപകടം. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് രാത്രി 9.30ന് പറന്നുയർന്നുടൻ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. സാങ്കേതിക തകരാറായിരുന്നു. ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടെ വിമാനം ജനസാന്ദ്രതയുള്ള പ്രദേശത്തിന് മുകളിലെത്തി. എന്നാൽ അവിടെ നിന്ന് വിമാനത്തെ തുറസായ സ്ഥലത്തെത്തിച്ച സിദ്ധാർത്ഥ് സഹപൈലറ്റ് മനോജ്‌കുമാർ സിംഗിനെ സുരക്ഷിതമായി ഇജക്ട് ചെയ്യാൻ സഹായിച്ചു. പക്ഷേ, ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിന് സമീപത്തെ വയലിൽ വിമാനം തകർന്നുവീണു. പരിക്കേറ്റ മനോജ് കുമാർ ചികിത്സയിലാണ്.
വ്യോമസേനാ കുടുംബം
ഹരിയാന റെവാരി ജില്ലയിലെ മജ്ര ഭൽഖി ഗ്രാമത്തിലാണ് സിദ്ധാർത്ഥ് യാദവിന്റെ ജനനം. 2017ലാണ് വ്യോമസേനയിൽ ചേർന്നത്. പിതാവ് സുശീൽകുമാർ വ്യോമസേന മുൻ ഉദ്യോഗസ്ഥനാണ്. മുത്തച്ഛൻ രഘുബീർ സിംഗും മുതുമുത്തച്ഛനും സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. സുശീൽ യാദവിന്റെയും നീലം യാദവിന്റെയും ഏക മകനാണ് സിദ്ധാർത്ഥ്. ഫൈറ്റർ പൈലറ്റായി പരിശീലനം പൂർത്തിയാക്കി 2016ൽ എൻ.ഡി.എ പാസായി. രണ്ട് വർഷം മുമ്പാണ് ഫ്ലൈറ്റ് ലെഫ്റ്റനന്റായത്. മരണം മുന്നിൽ കണ്ടപ്പോഴും മകൻ കാണിച്ച അർപ്പണബോധത്തിൽ അഭിമാനമുണ്ടെന്ന് സുശീൽ യാദവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |