ആത്മീയ വഴിയിൽ മുകേഷ് അംബാനിയുടെ മകൻ
ജാംനഗർ: ഭാരതത്തിന്റെ ആത്മീയ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് പദയാത്രയുമായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ജാംനഗർ മുതൽ ദ്വാരക വരെ നീണ്ട 170 കിലോമീറ്ററാണ് പദയാത്ര. ഇന്ത്യയിൽ രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരു പിൻഗാമി ആത്മീയ വഴിയിൽ നടത്തുന്ന പദയാത്ര ഇതിനോടകം ഏറെ ശ്രദ്ധനേടി. 29 കാരനായ അനന്ത് അംബാനി പൂർവ്വികരുടെ ജന്മനാടും കർമ്മഭൂമിയുമായ ജാംനഗറിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് 170 കിലോമീറ്റർ പദയാത്ര നടത്തുന്നത്. മാർച്ച് 29ന് യാത്ര ആരംഭിച്ചതിനുശേഷം, അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റർ സഞ്ചരിക്കുകയാണ്. എല്ലാ രാത്രിയിലും ഏഴ് മണിക്കൂർ ഈ പദയാത്ര തുടരുന്നുണ്ട്. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിൽ കൊത്തിയെടുത്ത നഗരമായ ദ്വാരകയിൽ ഏപ്രിൽ എട്ടിന് എത്തും.
30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത്. വരുന്ന വഴികളിലെല്ലാം അനന്ത് അംബാനിയെ വരവേറ്റത് സ്നേഹത്തിൽ പൊതിഞ്ഞാണ്. ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങൾ യാത്രയിൽ ആളുകൾ അനന്ത് അംബാനിക്ക് സമ്മാനിച്ചു.
കുഷിംങ് സിൻഡ്രോം അഥവാ ഒരു അപൂർവ ഹോർമോൺ തകരാർ മൂലമുണ്ടാകുന്ന ബലഹീനത, രോഗാതുരമായ പൊണ്ണത്തടി, ആസ്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അനന്ത് അംബാനി പദയാത്ര നടത്തിയത്.
ആത്മീയ പദയാത്രയിലുടനീളം, ദ്വാരകയിലേക്കുള്ള യാത്രയിൽ ഹനുമാൻ ചാലിസ, സുന്ദർഖണ്ഡ്, ദേവി സ്തോത്രം എന്നിവ ജപിച്ചിരുന്നു. ശതകോടീശ്വരനായി വളർന്നപ്പോഴും സനാതന ധർമ്മത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം തന്റെ ജീവിത യാത്ര മുന്നോട്ട് കൊണ്ടുപോകുന്നത്.
ഭാരതത്തിന്റെ പുണ്യപുരാതനായ പല ആത്മീയ കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പതിവ് വിഹാര കേന്ദ്രങ്ങളാണ്. ബദരീനാഥ്, കേദാർനാഥ്, കാമാഖ്യ, നാഥദ്വാര, കാളിഘട്ട്, കുംഭമേള എന്നീ ഭാരതത്തിന്റെ പുണ്യകേന്ദ്രങ്ങൾ തുടർച്ചയായി സന്ദർശിച്ചിട്ടുണ്ട്.
ആത്മീയതയ്ക്കൊപ്പം ബിസിനസ് നേതൃത്വവും
ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ മേൽനോട്ടം വഹിക്കുന്ന അനന്ത് അംബാനി രാജ്യത്തെ ഏറ്റവും വലിയ പുതിയ ഊർജ പരിവർത്തന പദ്ധതികൾക്കും നേതൃത്വം നൽകുന്നു. അനന്ത് അംബാനി സ്ഥാപിച്ച വൻതാര മൃഗസംരക്ഷണ കേന്ദ്രം ചരിത്രം സൃഷ്ടിക്കുന്നതാണ്. മൃഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുത്ത് നടത്തുന്ന വൻതാരയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |