തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ എട്ട് സ്ഥാനം നേടുന്നവർക്ക് ഇനി മുതൽ ഗ്രേസ് മാർക്ക് ലഭിക്കും. നിലവിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് എസ്.എസ്.എൽ.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് ഒന്നു മുതൽ എട്ടു വരെ സ്ഥാനക്കാർക്ക് 20, 17, 14, 10, 8, 6, 4, 2 എന്നിങ്ങനെ ഗ്രേസ് മാർക്ക് ലഭിക്കും.
സ്‌പോർട്സ് കൗൺസിന്റെ അംഗീകാരമുള്ള അസോസിയേഷനുകളുടെ കായികമത്സരങ്ങളിൽ ആദ്യ നാലുസ്ഥാനക്കാർക്ക് 20,17,14,10 എന്നിങ്ങനെ ഗ്രേസ് മാർക്ക് ലഭിക്കും. അന്തർദേശീയ, ദേശീയ മത്സരങ്ങളിലെ വിജയികൾക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും നിലവിലെ ഗ്രേസ് മാർക്ക് തുടരും.
സംസ്ഥാന സ്‌കൂൾകലോത്സവം, ശാസ്‌ത്രോത്സവം, ശാസ്ത്ര സെമിനാർ എന്നിവയിൽ എ,ബി,സി ഗ്രേഡുകാരുടെ ഗ്രേസ് മാർക്ക് 20,15,10 എന്നിങ്ങനെയായിരിക്കും.
എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കിന് എട്ടാംക്ലാസിലെ സർട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണം. ഒമ്പതിലെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ പത്താം ക്ലാസിൽ ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.
സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം അംഗങ്ങൾക്കും ഇനി മുതൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എ ഗ്രേഡിന് 25 ഉം ബി ഗ്രേഡിന് 15ഉം സി ഗ്രേഡിന് പത്തും ഗ്രേസ് മാർക്ക് ലഭിക്കും.
എട്ടിലോ ഒമ്പതിലോ സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിലോ ശാസ്‌ത്രോത്സവത്തിലോ ലഭിച്ച ഗ്രേഡ്, ഗ്രേസ് മാർക്കിന് പരിഗണിക്കണമെങ്കിൽ പത്താംക്ളാസിൽ സംസ്ഥാനമത്സരത്തിൽ പങ്കെടുക്കണമെന്നില്ല. റവന്യൂ ജില്ലാമത്സരത്തിൽ അതേയിനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |