മൂല്യവർദ്ധനയിൽ നേട്ടമുണ്ടാക്കി കർഷകൻ
കൊച്ചി: വില കൂപ്പുകുത്തിയാലും പൊന്തൻപുഴ കുന്നംപള്ളി ജോസഫിന്റെ പൈനാപ്പിൾ കൃഷി നഷ്ടത്തിലാവില്ല. പഴുത്ത പൈനാപ്പിൾ ആറ് മാസം വരെ ഗുണവും മണവും ചോരാതെ ഡീഹൈഡ്രേറ്റ് ചെയ്ത് സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിച്ചാണ് കർഷകനായ ജോസഫ് വിപണിയിൽ നേട്ടമുണ്ടാക്കുന്നത്.
ഹാരിസൺ മലയാളം പ്ലാന്റേഷനിൽ സൂപ്പർവൈസറായിരുന്ന എരുമേലി മുക്കട സ്വദേശി കുന്നംപള്ളിൽ ജോസഫ് (ബാബു) 2021ൽ വിരമിച്ചശേഷമാണ് പാട്ടത്തിനെടുത്ത ഒൻപത് ഏക്കറിൽ കൈതച്ചക്ക കൃഷി തുടങ്ങിയത്. വിളവെടുപ്പിന് ശേഷം വിപണി വിലയിൽ വിൽക്കേണ്ടിവന്നതോടെ കൃഷി നഷ്ടത്തിലായി, എ, ബി ഗ്രേഡ് പഴങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും സി ഗ്രേഡ് (ചെറിയ പഴം) ആർക്കും വേണ്ടാത്തതിനാൽ ടൺകണക്കിന് പഴങ്ങൾ ചീഞ്ഞുപോയി. ഈ പ്രതിസന്ധി അതിജീവിക്കാ
നായാണ് പൈനാപ്പിൾ ഉണക്കി സൂക്ഷിക്കാനുള്ള സാദ്ധ്യതകൾ പരിശോധിച്ചത്.
ഉണക്ക പൈനാപ്പിളും പൊടിയും
ചെറുകഷ്ണങ്ങളാക്കിയ പൈനാപ്പിൾ ഉണക്കിയെടുക്കാൻ ഡ്രെയർ നിർമ്മിച്ച് നടത്തിയ പരീക്ഷണം ആറുമാസത്തിനുള്ളിൽ വിജയിച്ചു. അങ്ങനെ സ്വന്തം ബ്രാൻഡിൽ ഉണക്ക പൈനാപ്പിൾ തയ്യാറാക്കി റാന്നിക്ക് സമീപം പ്ലാച്ചേരിയിൽ ഔട്ട്ലറ്റ് ആരംഭിച്ച് വിപണിയിലെത്തിച്ചു.
ഉണക്ക പൈനാപ്പിളിന് ഡിമാൻഡേറിയതോടെ കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചു. പൈനാപ്പിൾ പൗഡർ, ലഡു, ഹൽവ, അച്ചാർ തുടങ്ങി നിരവധി ഉത്പ്പന്നങ്ങളാണ് ഇപ്പോൾ വിപണിയിലുള്ളത്. ചക്കപ്പഴം, ജാതിക്ക, കുരുമുളക് എന്നിവയുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും പുറത്തിറക്കി.
₹500/കിലോ
ഉണക്കിയ പൈനാപ്പിളിനും തേനിൽ സംസ്കരിച്ച പൈനാപ്പിളിനും കിലോഗ്രാമിന് വില
എട്ടു ലക്ഷംരൂപയുടെ മുതൽമുടക്കാണ് പൈനാപ്പിൾ സംസ്കരണത്തിന് വേണ്ടത്. ആറ് മാസം കൊണ്ട് ഉണക്ക കൈതച്ചക്കയ്ക്ക് ആവശ്യക്കാരേറി. സാധനം തികയുന്നില്ല. പുതിയ ഡ്രയർ കൂടി സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |