തൊടുപുഴ: വനത്തിലും വനാതിർത്തികളിലും താമസിക്കുന്ന ആദിവാസികൾ ഒഴികെയുള്ള കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയിൽ വീടും സ്ഥലവും വിട്ടുകൊടുത്തവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകാതെ വനംവകുപ്പ്. ഭൂമി ഏറ്റെടുത്ത് പകരം പണം നൽകുന്ന 'നവകിരണം' പദ്ധതിയിൽ 5,000ലധികം പേരാണ് അപേക്ഷിച്ചത്. 700 കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരമായ 15 ലക്ഷംരൂപ ലഭിച്ചത്. 130ലേറെ കുടുംബങ്ങൾക്ക് ലഭിച്ചത് ഏഴര ലക്ഷംരൂപ മാത്രം.
സ്വന്തമായി വീടിനും സ്ഥലത്തിനും അഡ്വാൻസ് നൽകുകയും വാടകയ്ക്ക് മാറുകയും ചെയ്തവർ കടുത്ത പ്രതിസന്ധിയിലാണ്. അപേക്ഷകളിൽ തൊടുന്യായം പറഞ്ഞാണ് നഷ്ടപരിഹാര തുക വനംവകുപ്പ് പിടിച്ചുവച്ചിരിക്കുന്നത്. 2022 മുതലുള്ള അപേക്ഷകർക്കാണ് പണം നൽകാനുള്ളത്. 20 കോടിയോളം നൽകാനുള്ളതിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 കോടി മാത്രമാണ് നൽകിയത്. കരാർപ്രകാരം ഒരു മാസത്തിനുള്ളിൽ പണം നൽകണമെന്നാണ് വ്യവസ്ഥ.
രണ്ടര ഹെക്ടർവരെ പട്ടയ ഭൂമിയുള്ളവരെ ഒരു യൂണിറ്റായി കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകുന്നത്. പദ്ധതി മാനദണ്ഡപ്രകാരം പ്രായപൂർത്തിയായ മകനോ, മകളോ വിവാഹിതരാണോ അല്ലയോ എന്നത് കണക്കിലെടുക്കാതെ നഷ്ടപരിഹാരം നൽകാമെന്നാണ്. എന്നാൽ, വനംവകുപ്പ് വിവാഹിതരായ മക്കൾക്കും ആശ്രിത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്.
പരാതി നൽകിയിട്ടും
പരിഹാരമില്ല
വനമേഖലയിൽ സ്ഥിരതാമസമുള്ളവർക്കും രേഖകൾ കൃത്യമായവർക്കും മുൻഗണന നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, സ്ഥിരതാമസക്കാരെ ഒഴിവാക്കിയും ന്യൂനതകൾ പരിഹരിക്കാത്ത അപേക്ഷകരെ ഉൾപ്പെടുത്തിയുമാണ് പല റേഞ്ച് ഓഫീസർമാരും മുൻഗണനാ ലിസ്റ്റ് നൽകുന്നതെന്ന് ആക്ഷേപമുണ്ട്. പരാതി നൽകിയിട്ടും ഫലമുണ്ടാകുന്നില്ല. വനം, റവന്യു വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും പ്രശ്നമാണ്. പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിനായി തയ്യൽ, ഡ്രൈവിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഹോംനഴ്സിംഗ് തുടങ്ങിയവയ്‌ക്ക് പരിശീലനം നൽകുമെന്ന വാഗ്ദാനവും നടപ്പാക്കുന്നില്ല.
''ഒരേക്കറിലധികം സ്ഥലം വിട്ടുനിൽകി. വനംവകുപ്പ് ഇപ്പോൾ പറയുന്നു ഒന്നും
കിട്ടില്ലെന്ന്. 5,000 രൂപ വാടക നൽകിയാണ് കഴിയുന്നത്
-ഇ.കെ.സുരേഷ് ഇലവുങ്കൽ,
അപേക്ഷകൻ
''രേഖകൾ പരിശോധിക്കേണ്ടതിനാലാണ് കാലതാമസം നേരിടുന്നത്.
കിഫ്ബി വഴി ലഭിച്ച 67കോടി വിതരണം ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നു
-സാബി വർഗീസ്, സി.ഇ.ഒ ആന്റ് റീബിൽഡ്
കേരള ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |